-കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ–കറുത്തകൈ-@59.

         മലയാളത്തിലെ ആദ്യത്തെ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് കറുത്ത കൈ.

1964 ആഗസ്ത്-14 ന് റിലീസായ ഈ സിനിമയുടെ പരസ്യങ്ങളില്‍ പ്രത്യേകം ചേര്‍ത്ത ഒരു വാക്യമുണ്ടായിരുന്നു.

-കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ-

പ്രേംനസീര്‍ സി.ഐ.ഡി വേഷത്തിലെത്തുന്ന സിനിമ അന്നത്തെക്കാലത്തെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് തന്നെയോ അതുക്കും മേലെയോ ആയിരുന്നു എന്ന് പറയാം.

 59 വര്‍ഷം മുമ്പ് റിലീസായ സിനിമ ഇന്ന് കാണുമ്പോഴും നമ്മെ അമ്പരപ്പിക്കും.

നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കറുത്തകൈയില്‍-

പ്രേംനസീര്‍, അടൂര്‍ഭാസി, ഷീല, തിക്കുറിശി, ജോസ് പ്രകാശ്, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, കുണ്ടറ ഭാസി, പുന്നശേരി കാഞ്ചന, ആറമ്മുള പൊന്നമ്മ, കെ.വി.ശാന്തി, ബേബി വിനോദിനി എന്നിവരാണ് പ്രധാന വേഷത്തില്‍.

ശ്രീധര്‍പിള്ളയാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

എം.കണ്ണപ്പന്‍ ക്യാമറയും എന്‍.ഗോപാലകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കെ.വി.കൊച്ചാപ്പുവാണ് കലാസംവിധാനവും പോസ്റ്റര്‍ ഡിസൈനിംഗും.

എ.കുമാരസ്വാമി ആന്റ് കമ്പനിയാണ് വിതരണക്കാര്‍.

പാറക്കൂട്ടം എന്ന പട്ടണത്തില്‍ പിടിച്ചുപറിയും കള്ളക്കടത്തും നടത്തുന്ന കറുത്തകൈ എന്ന പേരില്‍ അറിയപ്പെടുന്ന സംഘത്തെ പിടികൂടാന്‍ എത്തുന്ന സി.ഐ.ഡി ഭാസു അവസാനം കറുത്തകൈയെ പിടികൂടുമ്പോഴാണ് നാട്ടുകാരോടൊപ്പം പ്രേക്ഷകരും ഞെട്ടിപ്പോകുന്നത്.

അതിനിടയില്‍ പാട്ടും ഡാന്‍സും സംഘട്ടനങ്ങളും നിറഞ്ഞ ഒരു ഒന്നൊന്നര സസ്‌പെന്‍സ് ത്രില്ലര്‍ തന്നെയാണ് കറുത്തകൈ.(സിനിമ യൂട്യൂബില്‍ ലഭ്യമാണ്).

ഗാനങ്ങള്‍(രചന-തിരുനായിനാര്‍കുറിച്ചി മാധവന്‍നായര്‍, സംഗീതം: എം.എസ്.ബാബുരാജ്).

1-ഏഴുനിറങ്ങളില്‍ നിന്നുടെ രൂപം-കമുകറ പുരുഷോത്തമന്‍, ജാനകി.

2-കള്ളനെ വഴിയില്‍ കണ്ടാല്‍-യേശുദാസ്, എം.എസ്.ബാബുരാജ്.

3-കണ്ണുകള്‍-കമുകറ, എല്‍.ആര്‍.ഈശ്വരി.

4-മാനത്തെ പെണ്ണേ-പി.ലീല.

5-മുങ്ങാക്കടലില്‍-എല്‍.ആര്‍.ഈശ്വരി.

6-പാലപ്പൂവിന്‍ പരിമളമേകും കാറ്റേ-ജാനകി.

7-പഞ്ചവര്‍ണ്ണത്തത്തപോലെ-യേശുദാസ്, കമുകറ.