സിവില്‍ സര്‍വീസിനുവേണ്ടി നടത്തിയ പഠനം കെ.എ.എസിന് ഗുണകരമായതായി ഒന്നാം റാങ്കുകാരി അഖിലാ ചാക്കോ

തളിപ്പറമ്പ്: സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതിയത് കെ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയെടുക്കുന്നതില്‍ ഏറെ സഹായകമായതായി കെ.എ.എസ് രണ്ടാം സ്ട്രീമില്‍(എന്‍.ജി.ഒ വിഭാഗത്തിന്) ഒന്നാം റാങ്ക് നേടിയ അഖിലാ ചാക്കോ(30) പറയുന്നു.

ഇപ്പോള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ സീനിയര്‍ അസിസ്റ്റായി ജോലി ചെയ്യുകയാണ് അഖില.

തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജിലെ അസി.പ്രഫസര്‍ ജസ്റ്റിന്‍.എ.സെബാസ്റ്റ്യന്റെ ഭാര്യയാണ്. രണ്ട് മാസം പ്രായമുള്ള മേഖന്‍ മരിയ ജസ്റ്റിന്‍ മകനാണ്.

ഇപ്പോള്‍ പ്രസവാനന്തരം തൃച്ചംബരത്തെ വീട്ടിലുള്ള അഖില മുന്‍നിരയില്‍ എത്തുമെന്ന് ഉറപ്പിച്ചിരുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

രണ്ട് തവണ സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും ഇന്റര്‍വ്യൂവില്‍ മൂന്ന് മാര്‍ക്കുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ ഐ.എ.എസിന് വേണ്ടി നടത്തിയ പഠനം കെ.എ.എസില്‍ ഗുണം ചെയ്തുവെന്ന് ഇവര്‍ പറയുന്നു.

കണ്ണൂര്‍ ശ്രീപുരം സ്‌കൂളിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. സോഷ്യോളജിയില്‍ എം.എ.ബിരുദം നേടിയിട്ടുണ്ട്.

തളിപ്പറമ്പ് ബാറിലെ പ്രമുഖഅഭിഭാഷകന്‍ കെ.ജെ.ചാക്കോ-സെലീനാതോമസ് ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് അഖില.

ജര്‍മനിയില്‍ എം.ടെക്കിന് പഠിക്കുന്ന അലന്‍ ചാക്കോ, കോഴിക്കോട് ലോ കോളേജില്‍ ഒന്നാം വര്‍ഷം ബിബിഎല്‍എല്‍ബിക്ക് പഠിക്കുന്ന അമല ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുവിഭാഗം ഒന്നാം സ്ട്രീമിലും ഗസറ്റഡ് ഓഫീസര്‍മാര്‍ മൂന്നാം സ്ട്രീമിലുമാണ് കെ.എ.എസ് പരീക്ഷയില്‍ ഉള്‍പ്പെടുന്നത്.