കളിപ്പാവ, കാറ്റുവിതച്ചവന്‍, കവിത-യഥാര്‍ത്ഥ സംവിധായകന്‍ ആര്? കാറ്റുവിതച്ചവന്‍ ഇന്ന് 50 വര്‍ഷം തികയുന്നു.

 

പണം  കിട്ടിയാല്‍ ആരുടെ പേരിലും സിനിമ സംവിധാനം ചെയ്ത് കൊടുക്കുന്ന ഒരു കാലം ഐ.വി.ശശി എന്ന സംവിധായകന് ഉണ്ടായിരുന്നു.

കലാസംവിധായകനായി രംഗത്തുവന്ന ശശിയുടെ കഴിവുകള്‍ മനസിലാക്കിയാണ് അന്നത്തെ പ്രമുഖ സംവിധായകന്‍ എ.ബി.രാജ് അദ്ദേഹത്തിന്റെ സഹായിയാക്കിയത്.

1972 ല്‍ ഒരു ശസത്രക്രിയക്ക് വിധേയനായി ഏതാനും മാസം വിശ്രമിക്കേണ്ടി വന്നപ്പോള്‍ നേരത്തെ കരാറായ ഒരു സിനിമ സംവിധാനം ചെയ്യാന്‍ എ.ബി.രാജ് ശശിയെ ഏല്‍പ്പിച്ചു.

കളിപ്പാവ എന്ന ആ സിനിമ പൂര്‍ണമായും സംവിധാനം ചെയ്തത് ശശിയാണെങ്കിലും എ.ബി.രാജിന്റെ പേരിലാണ് പടം റിലീസായത്.

ഇത് അറിഞ്ഞാണ് ഫാ.സുവിശേഷമുത്തു എന്ന പുരോഹിതന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ശശിയെ സമീപിച്ചത്.

1973 ആഗസ്ത് 17 നാണ് ആ സിനിമ റിലീസ് ചെയ്തത്.

സിനിമയുടെ പേര് കാറ്റുവിതച്ചവന്‍. സുവിശേഷ പ്രവര്‍ത്തനത്തിന് വേണ്ടി നിര്‍മ്മിച്ച ഈ സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലും പരസ്യത്തിലും സംവിധായകന്റെ പേര് റവ.സുവി എന്നാണ് ചേര്‍ത്തിരിക്കുന്നത്.

കാറ്റുവിതച്ചവന്‍ റിലീസ് ചെയ്തശേഷമാണ് അന്നത്തെ പ്രമുഖ നടി വിജയനിര്‍മ്മല തനിക്ക് ഒരു സിനിമ സംവിധാനം ചെയ്തു നല്‍കാന്‍ ശശിയോട് ആവശ്യപ്പെട്ടത്.

ഭാര്‍ഗ്ഗവീനിലയം സിനിമയിലെ നായികയായ വിജയനിര്‍മ്മലക്ക് വേണ്ടിയാണ് കവിത എന്ന ചിത്രം ശശി സംവിധാനം ചെയ്തത്.

സംവിധാനം വിജയനിര്‍മ്മല എന്നാണ് ടൈറ്റില്‍കാര്‍ഡ്. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക എന്ന പ്രശസ്തിയും ഇതോടെ വിജയനിര്‍മ്മലക്ക് ലഭിച്ചു.

 

കാറ്റുവിതച്ചവന്‍(1973-ആഗസ്ത്-17). ഇന്ന് 50-ാം പിറന്നാള്‍.

കാറ്റുവിതച്ചവന്‍ എന്ന ചിത്രം ക്രിസാര്‍ട്ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തത് റവ.സുവി എന്ന ഫാ.സുവിശേഷമുത്തുവാണ്.

കെ.പി.ഉമ്മര്‍, വിജയനിര്‍മ്മല, തിക്കുറിശി, റാണിചന്ദ്ര, ബഹദൂര്‍, ഗിരീഷ്‌കുമാര്‍, മാധവന്‍കുട്ടി,. ജെ.സി.ജോര്‍ജ്, സുജാത, ടി.പി.രാധാമണി, പ്രേമ, ബാലയ്യ, മുത്ത്, ബേബി ശോഭ, ബേബി പത്മ എന്നിവരാണ് മുഖ്യവേഷം ചെയ്തത്.

ആലപ്പി ഷെരീഫാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

ജിയോ പിക്‌ച്ചേഴേസ് വിതരം ചെയ്ത ചിത്രത്തിന്റെ ക്യാമറാമാന്‍ ഗോപീകൃഷ്ണ, എഡിറ്റര്‍ കെ.നാരായണന്‍.

ജീവിത വഴിയെ നന്‍മയിലേക്ക് നയിക്കാന്‍ യേശുകൃസ്തു മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുന്നതാണ് കാറ്റുവിതച്ചവന്റെ കഥാപശ്ചാത്തലം.

ഗാനങ്ങള്‍(രചന-പൂവ്വച്ചല്‍ ഖാദര്‍, സംഗീതം-പീറ്റര്‍-റൂബന്‍).

1-മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു-യേശുദാസ്.

2-നീയെന്റെ പ്രാര്‍ത്ഥന കേട്ടു- മേരി ഷൈല.

3-സൗന്ദര്യപൂജക്ക്-യേശുദാസ്.

4-സ്വര്‍ഗത്തിലല്ലോ വിവാഹം-എസ്.ജാനകി.