ശമ്പളം നല്‍കാതെ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ പീഢിപ്പിക്കരുത്-കെ.ജി.ഒ.യു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനം കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കാത്ത വിഷയം പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികളാണാവശ്യം.
ഗ്രാമ പഞ്ചായത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ വഹിക്കുന്നതിന് ആവശ്യമായ അധികതുക കണക്കാക്കി എല്ലാവര്‍ഷവും മുന്‍കൂറായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം.
ശമ്പളം മുടങ്ങുന്നത്, ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ ബാങ്ക് വായ്പാ തിരിച്ചടവുകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രോവിഡണ്ട് ഫണ്ട് അക്കൗണ്ടിലേക്ക് 2021 ഏപ്രില്‍ മാസം മുതലുള്ള ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക അടവാക്കാന്‍ സാധിക്കാത്തത് പലിശ ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യവും നഷ്ടമാക്കിയിട്ടുണ്ട്.
മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് നിലവില്‍ രണ്ട് മാസത്തെ ശമ്പളം ലഭിക്കാന്‍ ബാക്കിയുണ്ട്.
കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് ജില്ലാ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ടി.ഷജില്‍, സി.ഉണ്ണികൃഷ്ണന്‍, എ.ആര്‍.ജിതേന്ദ്രന്‍, റോബര്‍ട്ട് ജോസഫ്, പി.സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.