കിന്നാരം പറഞ്ഞിട്ട് വര്‍ഷം നാല്‍പ്പത്തിയഞ്ചായി.
ഹരിഹരന്‍, പി.ചന്ദ്രകുമാര്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ ഗുരുനാഥനായ
ഡോ.ബാലകൃഷ്ണന്‍ 35 സിനിമകള്‍ക്ക് കഥ,തിരക്കഥ, സംഭാഷണം എഴുതുകയും നാല് സിനിമകള്‍ സംവിധാനം ചെയ്യുകയും 7 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്ത വ്യക്തിത്വമാണ്.

1965 ലെ തളിരുകള്‍ മുതല്‍ 1999 ലെ പ്രേംപൂജാരി വരെയുള്ള സിനിമകള്‍ക്കാണ് രചന നിര്‍വ്വഹിച്ചത്.
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായ സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ.ബാലകൃഷ്ണന്‍ തന്റെ ക്ലിനിക്കിലെ രോഗികളെ പരിശോധിച്ച് തീര്‍ന്ന ശേഷം കിട്ടുന്ന ഇടവേളകളാണ് സിനിമക്കായി നീക്കിവെച്ചത്.
അസാമാന്യമായ നര്‍മ്മബോധം
കൈമുതലായുള്ള ഡോ.ബാലകൃഷ്ണന്റെ രചനകള്‍ ഇന്നും പ്രിയങ്കരമായി നിലനില്‍ക്കുന്നു.
ശിഷ്യന്‍മാരായ ഹരിഹരന്റെ ലേഡീസ് ഹോസ്റ്റല്‍, പി.ചന്ദ്രകുമാറിന്റെ മനസൊരുമയില്‍, സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണം എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ചത് ഡോക്ടറാണ്.
ലേഡീസ് ഹോസ്റ്റലിന്റെയും മനസൊരു മയിലിന്റെയും നിര്‍മ്മാതാവും അദ്ദേഹം തന്നെ.
തിരുവനന്തുരം സ്വദേശിയായ അദ്ദേഹം 2000 ല്‍ നിര്യാതനായി.
സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ സിനിമയാണ് കിന്നാരം.
1983 ജൂലായ് എട്ടിനാണ് സിനിമ റിലീസ് ചെയ്തത് ഇന്നും കണ്ടാല്‍ ചിരിച്ച് തകര്‍ക്കാന്‍ കഴിയുന്ന സിനിമ തന്നെയാണ് കിന്നാരം.
സുകുമാരന്‍, നെടുമുടിവേണു, പൂര്‍ണിമ ജയറാം, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബഹദൂര്‍, ശങ്കരാടി, മാള അരവിന്ദന്‍, സുകുമാരി, ജയശ്രീ, എ.ടി.ഉമ്മര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ആനന്ദക്കുട്ടന്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
പി.എന്‍.മേനോനാണ് പോസ്റ്റര്‍ ഡിസൈനിംഗ് നടത്തിയത്. കഥയും തിരക്കഥയും സംഭാഷണവും ഡോ.ബാലകൃഷ്ണന്റെതാണ്.
പ്രതീക്ഷ ഫിലിംസിന്റെ ബാനറില്‍ പായ്‌രാജ് നിര്‍മ്മിച്ച കിന്നാരം പ്രതീക്ഷയും അപ്പൂസ് റിലീസുമാണ് വിതരണം നടത്തിയത്.
ഗാനങ്ങള്‍-(രചന- സത്യന്‍ അന്തിക്കാട്-സംഗീതം-രവീന്ദ്രന്‍)
1-ഹൃദയസഖീ നീ അരികില്‍ വരൂ-യേശുദാസ്
2-കിന്നാരം-എന്‍.ലതിക.
3-പിസ്ത സുമകിരാസ-ജഗതി ശ്രീകുമാര്‍, നെടുമുടി വേണു.
