കെ.ജഗദീഷ് ഉപദേശിയായ പാവം പരിയാരം സി.ഐ-പക്ഷെ,
പരിയാരം: പഠിക്കുന്നകാലത്ത് ജഗദീഷിന്റെ സ്വപ്നമായിരുന്നു പോലീസ-പട്ടാള യൂണിഫോമുകള്‍. പക്ഷെ, വിധി മറ്റൊന്നായിരുന്നു.

ഏറെക്കാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ ഒരു മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലിക്ക് കയറി.
പ്രവാസ ജീവിതകാലത്ത് ടിക് ടോക്കില്‍ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കള്‍ പോലീസ് ലുക്ക് ഉണ്ടെന്ന് പറഞ്ഞതോടെയാണ് പഴയ പോലീസ് മോഹം പുറത്തുവന്നത്.
ഇന്നലെ രാത്രി പരിയാരം പോലീസ് അറസ്റ്റ് ചെയ്ത ചന്തപ്പുരയിലെ കെ.ജഗദീഷിന്റെ(40) കഥ ഒരു സിനിമ പോലെ അതീവ രസകരം.
ചന്തപ്പുരയിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ള ടെയിലറിംഗ് ഷോപ്പില്‍ നിന്നും ടെലിഫിലിമില്‍ അഭിനയിക്കാനെന്ന് പറഞ്ഞാണ് സി.ഐയുടെ യൂണിഫോം തയ്പ്പിച്ച് വാങ്ങിയത്. പോലീസുകാര്‍ക്കുള്ള ഷൂസും ഷോക്സും സ്റ്റാറും ഉള്‍പ്പെടെ യൂണിഫോമിനാവശ്യമായ എല്ലാ സാധനങ്ങളും വിനോദിന്റെ ഷോപ്പിലുണ്ടായിരുന്നു. അധികം യാത്രക്കാരില്ലാത്ത മണിയറ-കാനായി-കോറോം റോഡിലും എരമം-കുറ്റൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു സി.ഐയുടെ വിളയാട്ടം ആരംഭിച്ചത്. സി.ഐയുടെ യൂണിഫോം ധരിച്ച് അതിന് മുകളില്‍ കോട്ട് ധരിച്ച് ബൈക്കിലായിരുന്നു സി.ഐയുടെ സഞ്ചാരം. ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍, അമിതവേഗത്തില്‍ പോകുന്നവര്‍, യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍, മാസ്ക്ക് ധരിക്കാത്തവര്‍ എന്നിവരൊക്കെയായിരുന്നു സി.ഐയുടെ ഇരകള്‍. ഇവരെ ഉപദേശിക്കുകയും കര്‍ശനമായി താക്കീത് ചെയ്ത് വിടുകയുമാണ് ഇയാളുടെ രീതീയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് 30 മുതലാണ് ജഗദീഷിന്റെ സി.ഐ ജോലി ആരംഭിച്ചത്. പരിയാരത്ത് നിലവില്‍ സി.ഐ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെപ്പറ്റി അറിയാവുന്ന ഒരാളാണ് സംശയംതോന്നി വിവരം സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കെ.ദിലീപിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് എസ്.എസ്.ബി എ.എസ്.ഐ രാജീവനും ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ജഗദീഷ് ആരോടെങ്കിലും പണം വാങ്ങിയിരുന്നോ എന്നത് ഇതേവരെ വ്യക്തമല്ല, ആരെങ്കിലും പരാതിയുമായി എത്തിയാല്‍ അതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസ് പിടികൂടിയെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ജഗദീഷിന്റെ പെരുമാറ്റമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
