കോക്കാട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ നിലംപണിയും വെബ്‌സൈറ്റ് പ്രകാശനവും

പിലാത്തറ: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കോക്കാട് മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നിലംപണി അടിയന്തിരം നടന്നു.

ഡിസംബർ 11 മുതൽ 14 വരെയാണ് കളിയാട്ടം.

ആടയാഭരണങ്ങളും തിരുവായുധവുമേന്തി അരങ്ങിൽ ഇറങ്ങിയ ഭഗവതിമാരുടെ പ്രതിപുരുഷൻമാർ കോയ്മമാരുടെയും ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര തിരുമുറ്റത്തെ കൈലാസകല്ലിനരികിൽ നിലം കിളച്ച് തല്ലി ചാണകം മെഴുകി നിലമൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഭക്ഷണശാല നാലില്ല പന്തൽ, കലവറ, അടുക്കള വിവിധ കമ്മറ്റികളുടെ ഓഫീസുകൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾക്കും ഇതോടെ തുടക്കമാകും.

ആഘോഷ കമ്മിറ്റി പുറത്തിറക്കുന്ന വെബ്സൈറ്റിന്റെയും ഭക്തിഗാന ആൽബത്തിന്റെയും പ്രകാശനം അഡീഷണൽ പൊലീസ് സൂപ്രണ്ട് കെ.വി വേണുഗോപാലൻ നിർവ്വഹിച്ചു.

സിനിമാതാരം ചിത്രനായർ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ സന്തോഷ് മണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. കെ. നാരായണൻകുട്ടി, കെ.പി ഷനിൽ, ദീപക്ക് മല്ലർ, രാഗേഷ് പേരൂർക്കാരൻ എന്നിവർ പ്രസംഗിച്ചു.