കഴിഞ്ഞ 25 വര്‍ഷമായി കെ.ജി.ജോര്‍ജ് സിനിമ ചെയ്തിട്ടില്ല.
അസുഖബാധിതനായ അദ്ദേഹം ഏതോ വൃദ്ധസദനത്തിലാണെന്നാണ് വിവരം.
19 സിനിമകളിലും സംവിധായകന്റെ ഒരു കയ്യൊപ്പ് പതിക്കാന്‍ ജോര്‍ജിന് സാധിച്ചിട്ടുണ്ട്. കുറ്റാന്വേഷണ സിനിമകള്‍ എങ്ങിനെയായിരിക്കണമെന്നതിന്റെ പാഠപുസ്തകങ്ങളാണ് യവനികയും ഈ കണ്ണികൂടിയും.
യവനികയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഈ കണ്ണികൂടി, പക്ഷെ, സിനിമ കാര്യമായ വിജയം നേടിയില്ല.
തന്റെ ഏറ്റവും നല്ല സിനിമയായി കെ.ജി.ജോര്‍ജ് വിലയിരുത്തുന്ന കോലങ്ങള്‍ 1981 ആഗസ്ത്-28 നാണ് 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്തത്.
നടനും നാടകകൃത്തും സംവിധായകനുമായ പി.ജെ.ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി കെ.ജി.ജോര്‍ജ് തന്നെയാണ് തിരക്കഥ, സംഭാഷണം എഴുതിയത്.
ഫാല്‍ക്കണ്‍ മൂവീസിന്റെ ബാനറില്‍ കെ.ടി.വര്‍ഗീസ്, ഡി.ഫിലിപ്പ്, തഴവ രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ യുണൈറ്റഡ് ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിച്ചത്.
ജി.ഒ.സുന്ദരമാണ് കലാസംവിധായകന്‍, നീതി കൊടുങ്ങല്ലൂര്‍ പരസ്യം.
ഗാനങ്ങളില്ലാത്ത സിനിമയുടെ പശ്ചാത്തലസംഗീതം എം.ബി.ശ്രീനിവാസന്‍.
നെടുമുടി വേണു, വേണു നാഗവള്ളി, തിലകന്‍, ടി.എം.ഏബ്രഹാം, ഡി.ഫിലിപ്പ്, നൂഹു, അന്നവി രാജന്‍, പി.എ.ലത്തീഫ്, മേനക, ഗ്ലാഡിസ്, തഴവ രാജന്‍, കുമുദം, രാജം.കെ.നായര്‍, സുമംഗലി, സരോജം, രാജകുമാരി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
രാജം കെ.നായരുടെ ചന്തമറിയവും തിലകന്റെ കള്ളുവര്‍ക്കിയും ഈ സിനിമ കണ്ടവരുടെ മനസില്‍ നിന്ന് ഇപ്പോഴും ഇറങ്ങിപ്പോയിട്ടുണ്ടാവില്ല.