കൂവോട് ഗ്രാമത്തെ ഇനി വായിച്ചറിയാം-ഗോപി കൂവോടിന്റെ കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ്-പ്രകാശനം-24 ന്.

തളിപ്പറമ്പ്: കൂവോടിന്റെ ചരിത്രം ഇനി വായിച്ചറിയാം. ഗോപി കൂവോട് എഴുതി പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന പുസ്തകം ഡിസംബര്‍ 24 ഞായറാഴ്ച്ച രാവിലെ 9 30 ന് കൂവോട് പബ്ലിക് ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്യും.

പബ്ലിക്ക് ലൈബ്രറി, ഗ്രാമീണ കലാസമിതി, യുവധാര സ്‌പോര്‍ട്‌സ് ക്ലബ്ബ്, പുരോഗമന കലാസാഹിത്യസംഘം തളിപ്പറമ്പ്‌സൗത്ത് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രകാശനപരിപാടി നടക്കുക.

നാട്ടു നന്മയുടെ കാലം-കൂവോട് നാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പോയ നാളുകളില്‍ നാടിനെ നയിച്ചവര്‍-നാട്ടിലെ കലാ-സാസ്‌ക്കാരിക സ്ഥാപനങ്ങളുടെയും ചരിത്രം, കാവുകളുടെയും ക്ഷേത്രങ്ങളുടെയും കാര്‍ഷികവൃത്തിയുടെയും തൊഴിലാളികളുടെ സംഘടിതശക്തിയുടെയും കര്‍ഷകസംഘത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പടുത്തുയര്‍ത്തിയതിന്റെയും പാര്‍ട്ടി നേതാക്കളുടെ ഒളിവുജീവിതവും പോലീസ് അതിക്രമവും അടിയന്തിരാവസ്ഥയിലെ കൂവോട്- ഇടതുപക്ഷ പത്രമാധ്യമങ്ങളുടെ പ്രവര്‍ത്തനം- പ്രവാസികള്‍ എന്നിവയെ കുറിച്ചുള്ള സ്മരണകളാണ് പുസ്തകത്തില്‍.

കൂടാതെ എഴുത്തുകാരന്റെ കുട്ടിക്കാല ഓര്‍മ്മകളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

സാധാരണ ജനങ്ങളുടെ വാമൊഴിയില്‍ നിന്നും ശേഖരിച്ച് ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പുസ്തക പ്രകാശനത്തിന്റെ ഉദ്ഘാടനം സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി.ജയരാജന്‍ നിര്‍വഹിക്കും.

ഗ്രാമീണ കലാസമിതി സെക്രട്ടെറി വി.ഷാജി അധ്യക്ഷത
വഹിക്കും.

ടി.ബാലകൃഷ്ണന് നല്‍കിക്കൊണ്ട് മലയാളഭാഷ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ പ്രകാശനം നിര്‍വ്വഹിക്കും.

ഗിരീഷ് പൂക്കോത്ത് പുസ്തക പരിചയം നടത്തും. വി.ജയന്‍, ഡി.വനജ, എസ്.പി.രമേശന്‍, എം.ഷൈജു എന്നിവര്‍ പ്രസംഗിക്കും.

ടി.ചന്ദ്രന്‍ സ്വാഗതവും എം.സുരേന്ദ്രന്‍ നന്ദിയും പറയും.