സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ. സുധാകരന്‍ എം.പി

തളിപ്പറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലയില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു.

തളിപ്പറമ്പില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമത്തിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ ആയിരം പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കേണ്ടി വന്നാലും കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ ഒരുക്കമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

അക്രമം ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്നാണ് തളിപ്പറമ്പില്‍ നടന്ന അക്രമത്തില്‍ നിന്നും മനസിലാകുന്നത്.

തങ്ങളുടെ അറിവോടെയാണോ അതോ പാര്‍ട്ടിയിലെ തെമ്മാടികൂട്ടം സ്വയം ആലോചിച്ചു നടപ്പിലാക്കിയതാണോ അക്രമങ്ങള്‍ എന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.

ഒരു കാലത്ത് സിപിഎം ചെങ്കോട്ടയായിരുന്നു കണ്ണൂര്‍ ജില്ല. അവിടെ കോണ്‍ഗ്രസ് ത്രിവര്‍ണ്ണ പതാക പാറിക്കുകയും അധികാരത്തില്‍ വരികയും ചെയ്ത കാര്യം സിപിഎം ഓര്‍മിക്കണമെന്നും, സംസ്‌ക്കാരവും രാഷ്ട്രീയ ബോധവുമില്ലാത്ത ചിലര്‍ സിപിഎമ്മിനെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിയണം.

അക്രമികളെ പാര്‍ട്ടി നടപടിക്ക് വിധേയമാക്കണം. സിപിഎം അതിന് തയ്യാറാകുന്നില്ലയെങ്കില്‍ ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങള്‍ ചെയ്യും.

രാഷ്ട്രത്തിന് ആത്മാവ് നല്‍കിയ, രാഷ്ട്രത്തിന്റെ മുഖമായ രാഷ്ട്രപിതാവായ ഗാന്ധിയുടെ സ്തൂപം സ്ഥാപിക്കാന്‍ സിപിഎം തെണ്ടികളുടെ അനുമതി വേണമെന്നാണെങ്കില്‍, അത് സിപിഎമ്മിന്റെ പതനമാണ് സൂചിപ്പിക്കുന്നത്.

ജില്ലയില്‍ അക്രമം നടന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നൂറ് ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കും. അത് സംരക്ഷിക്കുമെന്നും, അതിനുള്ള തന്റേടം കോണ്‍ഗ്രസിനുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.