നിര്‍ണ്ണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് മൂന്നു മണിക്കാണ് യോഗം. എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടേയും, എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദവുമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. എഡിജിപിയെ മാറ്റാന്‍ ഘടകകക്ഷികള്‍ മുന്നണിയോഗത്തില്‍ ആവശ്യപ്പെട്ടേക്കും.
ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കണ്‍വീനറാക്കുകയും ചെയ്ത ശേഷമുള്ള ആദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിന് ഉണ്ട്. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ആരോപണ വിധേയനായ ആളെ സംരക്ഷിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. എഡിജിപിക്കെതിരെ സിപിഐ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു
അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്ത് സര്‍ക്കാര്‍ വന്‍ അഴിച്ചു പണി നടത്തിയിരുന്നു. എന്നാല്‍ ഗൂഢസംഘത്തിന്റെ തലവനെന്ന് പി വി അന്‍വര്‍ ആരോപിച്ച എഡിജിപി അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തണലിലാണ് അജിത് കുമാര്‍ വിലസുന്നതെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. എന്നാല്‍ എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പി ശശിക്കെതിരെയും നടപടി വേണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നേക്കും.