ഒരു അന്തിക്കാടന്‍ ദുരന്തം–കഥാ ദാരിദ്ര്യത്തിന്റെ ഉദാഹരണമായി സത്യന്‍ അന്തിക്കാടിന്റെ മകള്‍-

കരിമ്പം.കെ.പി.രാജീവന്‍-

നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമ തിയേറ്ററിലെത്തുന്നത്.

2018 ഡിസംബറിലെ ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് ശേഷം മകള്‍. അന്തിക്കാടിന്റെ 57-ാമത് സിനിമയാണിത്.

സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ 67-ാമത്തെ വയസിലെത്തി നില്‍ക്കുമ്പോഴാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തുനിന്ന ഈ സിനിമ കഥയില്ലായ്മയുടെ ഉത്തമ ഉദാഹരണമായി മാറിയെന്ന് പറയാതെ വയ്യ.

മലയാളി പ്രേക്ഷകര്‍ മറന്നുതുടങ്ങിയ ജയറാമില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷവെക്കേണ്ടതില്ലെന്ന് മകള്‍ തെളിയിക്കുന്നു.

19 വയസുള്ള ക്രിസ്ത്യാനി പെണ്ണിനെ പ്രേമിച്ച് ഒളിച്ചോടിയ നായകന്‍, 15 വര്‍ഷത്തെ വിദേശ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി മസാല കറിപ്പൊടികമ്പനി തുടങ്ങുന്നതും, കുടുംബത്തിലെ നേരിയ പിണക്കങ്ങളും, വിരഹവും, പുതുതലമുറയുടെ ചില ഉഡായിപ്പുകളും നിറഞ്ഞ സിനിമയില്‍ രണ്ട് തട്ടുപൊളിപ്പന്‍ സംഘട്ടനങ്ങളും കുത്തിനിറച്ചിട്ടുണ്ട്.

ഫഌഷ്ബാക്കിലെ സംഘട്ടനം റിക്കാര്‍ഡ് ചെയ്തത് സി.സി.ടി.വിയില്‍ നിന്ന് സൂക്ഷിച്ചത് കാണിക്കുന്ന സംവിധായകന്റെ തൊലിക്കട്ടിക്ക് ഏതുവിധത്തില്‍ നമസ്‌ക്കാരം പറയണമെന്നറിയാതെ വന്നിരിക്കുന്നു.

അവസാനം ഒന്നുമില്ലായ്മയില്‍ എല്ലാം ശുഭമാവുന്നതോടെ മകള്‍ തീരുന്നു.

പതിവില്ലാതെ ചിത്രീതരണവേളയില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു സിനിമയായിരുന്നു മകള്‍.

പക്ഷെ, ആദ്യഷോ കഴിഞ്ഞതോടെ തന്നെ പ്രേക്ഷകന് കാര്യം പിടികിട്ടിയതിനാല്‍ തിയേറ്ററുകള്‍ കാലിയായി തുടരുകയാണ്.

സത്യന്‍ അന്തിക്കാട് ജീവിതഗന്ധിയായ സിനിമകളുടെ സംവിധായകനാണെന്നാണ് പറയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ആവനാഴിയും ഒഴിഞ്ഞുതുടങ്ങിയെന്ന് മകള്‍ അടിവരയിടുന്നു.

മീരാജാസ്മിനൊന്നും ഒരുതരം വികാരവുമില്ലാതെ എന്തൊക്കെയോ കാണിച്ചുകൂട്ടി സ്ഥലംവിടുകയാണ്.

ശ്രീനിവാസന്റെ അവശത പ്രേക്ഷകരെ കാണിക്കാനാണോ അദ്ദേഹത്തിന് മുഴച്ചുനില്‍ക്കുന്ന ആവശ്യമില്ലാത്തെ ഒരു വേഷം നല്‍കിയതെന്ന് സംശയിച്ചാല്‍ അതൊരു തെറ്റാവില്ല.

സാധാരണ കേള്‍ക്കാനിമ്പമുള്ള ഒരു പാട്ടെങ്കിലും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ കാണുമായിരുന്നു, ഇവിടെ അതുമില്ല.

സത്യന്‍ അന്തിക്കാട് എന്ത് കൊടുത്താലും മലയാളി കുടുംബ പ്രേക്ഷകര്‍ അത് തൊണ്ടതൊടാതെ വിഴുങ്ങുമെന്ന മിഥ്യാധാരണ മകളില്‍ അവസാനിക്കുകയാണ്.