ചെണ്ടുമല്ലിയില്‍ ബാക്ടീരിയല്‍ വാട്ടം വ്യാപകമാകുന്നു.

തളിപ്പറമ്പ്:വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ചെണ്ടുമല്ലി കൃഷിയില്‍ ബാക്ടീരിയല്‍ വാട്ടം വ്യാപകമാകുന്നു. ജില്ലയില്‍ ആറളം, കുറുമാത്തൂര്‍, കൂടാളി എന്നീ പഞ്ചായത്തുകളില്‍ ബാക്ടീരിയല്‍ വാട്ടം മൂലം കൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്. ആറളം പഞ്ചായത്തിലെ ബാക്ടീരിയല്‍ വാട്ടം കണ്ണര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലംനിയന്ത്രണവിധേയമാക്കാനായിട്ടുണ്ട്.
പുളി രസം കൂടുതലുള്ള മണ്ണില്‍ രോഗ ലക്ഷണം വളരെ രൂക്ഷമാണ്. കൃത്യമായ പരിപാലനം നടത്തിയിട്ടില്ലെങ്കില്‍വിളകള്‍ പൂര്‍ണ്ണമായും നശിച്ചുപോകാനുള്ള സാധ്യതയും ഏറെയാണ്.അതിശക്തമായ മഴയും അതിനുശേഷം വരുന്ന മഴയില്ലാത്ത ദിവസങ്ങളും ഈ രോഗം വ്യാപിക്കാന്‍ കാരണമാകും. രോഗ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ എത്രയും പെട്ടെന്ന് കര്‍ഷകര്‍ താഴെപ്പറയുന്ന രീതിയിലുള്ള നിവാരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന് കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. പി ജയരാജ് അറിയിച്ചു.

രോഗ ലക്ഷണങ്ങള്‍

കഴിഞ്ഞദിവസം വരെ നല്ല ആരോഗ്യത്തോടെയുള്ള ചെടികളാണ് അടുത്ത ദിവസം പെട്ടെന്ന് വാടി അസുഖം മൂലം നശിച്ചു പോകുന്നത്.
ഇത്തരത്തില്‍ അസുഖം വന്നു വാടിയ ചെടികളെ പിഴുത് കടഭാഗം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ച്ഒരു ബീക്കറിലോ അല്ലെങ്കില്‍ ചില്ലു ഗ്ലാസിലോ ഉള്ള തെളിഞ്ഞ വെള്ളത്തില്‍ ഭാഗം ഇറക്കിവെച്ചാല്‍ മുറി ഭാഗത്ത് നിന്നും വെളുത്ത പുക പോലെയുള്ള ദ്രാവകം വരുന്നത് ബാക്ടീരിയല്‍ വാട്ടമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാം

നിവാരണ മാര്‍ഗ്ഗങ്ങള്‍

രോഗം ബാധിച്ച തോട്ടങ്ങളില്‍ രണ്ട് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ എന്ന തോതില്‍ കലക്കിയതിനുശേഷം ചെടികളുടെ തണ്ടിനോട് ചേര്‍ന്ന് സാവകാശം ഒഴിച്ചുകൊടുക്കണം. ആന്റി ബയോട്ടിക്കായ സ്‌ട്രേപ്റ്റോമൈസിന്‍ ഒരു ഗ്രാം അഞ്ച് ലിറ്റര്‍ എന്ന തോതില്‍ ചെടികളുടെ ചുവട്ടില്‍ തണ്ടിനോട് ചേര്‍ന്ന് സാവകാശം ഒഴിച്ചു കൊടുക്കുക. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി 19 -19-19 വളം 5 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ പത്ര പോഷണമായി ഇലകളില്‍ തെളിച്ചു കൊടുക്കണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി ജയരാജ് അറിയിച്ചു.
ഓണവിപണി ലക്ഷ്യമാക്കി നിരവധി പേര്‍ ചെണ്ടുമല്ലികൃഷി ആരംഭിച്ചിട്ടുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധവേണമെന്ന് കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറഞ്ഞു.