ഇണചേരാനെത്തിയ പാമ്പുകളെ പിടികൂടി- ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു-
തളിപ്പറമ്പ്: ഇണചേരാന്‍ എത്തിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.
കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ എം.കെ.രവിയുടെ വീട്ടുമതിലിനോട് ചേര്‍ന്ന ഇടവഴിയിലെ മാളത്തില്‍ വെച്ചാണ് പാമ്പുകളെ പിടികൂടിയത്.
ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് രവി മാളത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
വിവരം പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ അറിയിക്കുകയായിരുന്നു.
സ്‌നേക്ക് പാര്‍ക്ക് അധികൃതര്‍ വിവരം കണ്ണൂര്‍ വെല്‍ഡ് ലൈഫ് റെസ്‌ക്യുവേഴ്‌സ് അംഗം ഷാജി ബക്കളത്തെ അറിയിച്ചു.
സ്ഥലത്തെത്തിയ ഷാജി മാളത്തില്‍ നിന്നും മൂര്‍ഖനെ പിടികൂടി. പെണ്‍ മൂര്‍ഖനാണ് പിടിയിലായതെന്ന് മനസിലായ ഷാജി പാമ്പുകള്‍ ഇണ
ചേരുന്നസമയമാണെന്നും ഇണചേരാന്‍ എത്തിയ ആണ്‍ മൂര്‍ഖനും സ്ഥലത്ത് തന്നെ ഉണ്ടാകുമെന്നും കണ്ടാല്‍ വിവരം അറിയിക്കണമെന്നും വീട്ടുകാരോട് പറഞ്ഞു.
വൈകുന്നേരം നാല് മണിയോടു ഇണചേരാന്‍ എത്തിയ ആണ്‍ മൂര്‍ഖനെയും വീട്ടുകാര്‍ കണ്ടെത്തി വിവരം ഷാജിയെ അറിയിച്ചു.
സ്ഥലത്തെത്തിയ ഷാജി ആണ്‍മൂര്‍ഖനെയും പിടികൂടി. തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഒഫീസറുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മൂര്‍ഖന്‍ പാമ്പുകളയും ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു.
പെണ്‍ മൂര്‍ഖന് നാലടി നീളവും ആണ്‍ മൂര്‍ഖന് ആറടി നീളവും ഉണ്ടായിരുന്നു.
ആളുകള്‍ നടന്നു പോകുന്ന ഇടവഴിയാണിത്.
ആഴ്ചകള്‍ക്ക് മുമ്പ് രണ്ട് മൂര്‍ഖന്‍പാമ്പുകള്‍ ഇഴഞ്ഞ് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.