ചുമര്‍ച്ചിത്രങ്ങള്‍ ഇനി നാടിന് സ്വന്തം-കൈതപ്രം അനാച്ഛാദനം ചെയ്ത ചിത്രങ്ങള്‍ രാജരാജേശ്വരന് സമര്‍പ്പിച്ച് മൊട്ടമ്മല്‍ രാജന്‍.
തളിപ്പറമ്പ്: തീഷ്ണനിറങ്ങളില്‍ ചായംപുരണ്ട് നില്‍ക്കുന്ന തീഷ്ണനന്ദനും മൃഗാസന്ദനും ഇനി രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യും.
തളിപ്പറമ്പിലെ പ്രസിദ്ധമായ രാജരാജേശ്വരക്ഷേത്ര കവാടത്തിലാണ് പൗരാണികഭംഗിയോടെ രാജരാജേശ്വരന്റെ ദ്വാരപാലകരുടെ ചുമര്‍ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
ചിത്രകലാ ദമ്പതികളായ അരിയിലെ രഞ്ജിത്തും ഭാര്യ സ്നേഹയുമാണ് ചിത്രങ്ങള്‍ വരച്ചത്.
പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍രാജനാണ് ചുമര്‍ച്ചിത്രം രാജരാജേശ്വരന് സമര്‍പ്പിച്ചത്.
കവിയും ഗാനരചിതാവും സംഗീതസംവിധായനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചുമര്‍ച്ചിത്രം അനാച്ഛാദനം ചെയ്തു.
വടക്കേ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ലഭിച്ച കാഴ്ച്ചാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജന്‍മനാട്ടിലെ പ്രശസ്തമായ ക്ഷേത്രത്തിലും ഭക്തിയുടെ അടയാളങ്ങളായ ഇത്തരം സ്മാരകങ്ങള്‍ വേണമെന്ന ആശയം ഉണ്ടായതെന്നും ക്ഷേത്രം അധികൃതര്‍ക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്തതുകൊണ്ട് മാത്രമാണ് ചുമര്‍ച്ചിത്രവും അതോടൊപ്പം ഏറ്റവും വലിയ വെങ്കല ശിവ ശില്‍പ്പവും രാജരാജേശ്വരക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള നിമിത്തമാവാന്‍ തനിക്ക് സാധിച്ചതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും ചുമര്‍ച്ചിത്രം ക്ഷേത്രത്തിന് സമര്‍പ്പിച്ച് മെട്ടമ്മല്‍ രാജന്‍ പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നണി ഗായകന്‍ അജയ് ഗോപാല്‍, ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ചിത്രകാരന്‍മാരായ രഞ്ജിത്ത്, സ്‌നേഹ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തു.
പൗരാണിക കാലഘട്ടത്തില്‍ ഇലച്ചാറുകളും വിവിധയിനം പ്രകൃതിദത്ത പശകളും മണ്ണും ഒക്കെ ഉപയോഗിച്ചാണ് ചുമര്‍ച്ചിത്രങ്ങള്‍ വരച്ചിരുന്നതെങ്കില്‍ പുതിയ കാലത്ത് അക്രിലിക് പെയിന്റുകള്‍ ഉപയോഗിച്ചാണ് ചുമര്‍ച്ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്.
.