അവസരവാദനിലപാട് സ്വീകരിച്ചവരെയാണ് അവസരവാദിയെന്ന് വിളിച്ചതെന്ന് എം.വി.ഗോവിന്ദന്‍

ബിഷപ്പ്  പാംപ്ലാനിയെ വിമര്‍ശിച്ചതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍

തളിപ്പറമ്പ്: ബിഷപ്പി പാംപ്ലാനിയെ വിമര്‍ശിച്ചതിനെ ന്യായീകരിച്ച് എം.വി.ഗോവിന്ദന്‍.

തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഭീഷണിപ്പെടുത്തലുമായി ആരുംവരേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്നൊക്കെ പറഞ്ഞാല്‍ ഭയപ്പെട്ടു പോകുന്നവരല്ല ഞങ്ങളാരുമെന്നും ജനാധിപത്യരീതിയില്‍ സമരം നടത്തുന്നതിന് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

അവസരവാദനിലപാട് സ്വീകരിച്ചവരെയാണ് അവസരവാദി എന്നു വിളിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അത് ശരിയായ നിലപാടാണ്. ആഭ്യന്തര ശത്രുക്കളായി ബിജെപി കാണുന്നത് കമ്യൂണിസ്റ്റുകള്‍, ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ എന്നിവരെയാണ്. ഈ മൂന്നുകൂട്ടരും ഇന്ത്യ വിട്ടുപോകണം എന്നതാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.

ഇതാണ് അടിസ്ഥാന പ്രശ്നം. ചില ബിഷപ്പുമാര്‍ക്ക് സംഘപരിവാറിന്റെ ഈ അജണ്ട മനസ്സിലാകുന്നില്ല.

അവര്‍ക്ക് ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ മനസില്ല.

കന്യാസ്ത്രീകള്‍ക്കെതിരായ കേസില്‍ ജാമ്യം കിട്ടുന്നതുവരെ ഒരു നിലപാടും ജാമ്യം കിട്ടിയാല്‍ മറ്റൊന്നും എന്നതു അവസരവാദ നിലപാടാണ്.

ഇത്തരത്തില്‍ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചവരെ നിലപാട് അനുസരിച്ച് തന്നെയാണ് വിമര്‍ശിച്ചത്.

അല്ലാതെ സഭാ നേതൃത്വത്തെ ഒന്നടങ്കം വിമര്‍ശിച്ചിട്ടില്ല. ക്രിസ്തീയ സഭകളുമായി ഒരു പ്രശ്നവും സിപി എമ്മിനില്ല. ആര്‍എസ്എസ് സഭകളെ ദയപ്പെടുത്തുകയാണ്.

എന്നാല്‍ ഇത് സിപിഐ എമ്മും ബിജെപിയും ഒരു പോലെയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃശൂരില്‍ വ്യാപകമായി വ്യാജ വോട്ട് ചേര്‍ത്തതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ബിജെപിക്കാണെന്നും അതിന് അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍എസ്എസ്-ബിജെപി നേതാക്കളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബന്ധുക്കളും ഉള്‍പ്പടെയാണ് കള്ളവോട്ട് ചേര്‍ത്തിട്ടുള്ളത്.

ഇതേക്കുറിച്ച് സുരേഷ് ഗോപി ഒന്നും പ്രതികരിക്കാതെ മൗനത്തിലാണ്.

ഇത് രാഷ്ട്രീയ ആരോപണം മാത്രമല്ല, ഗൗരവമുള്ള വിഷയമാണ്.

അത് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. സമഗ്രമായ അന്വേഷണം വേണം.

അതില്‍ മുന്‍കൂട്ടി വിധി പറയുന്നില്ല. അവരുടെ പരിശോധനയില്‍ വീഴ്ചയുണ്ടെങ്കില്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.