34 വര്‍ഷം, 13 സിനിമകള്‍-തൊട്ടതെല്ലാം പൊന്നാക്കിയ അപ്പച്ചന്‍-മൈ ഡിയര്‍ കുട്ടിച്ചാത്തന്‍-39 വര്‍ഷം.

എം.കുഞ്ചാക്കോയുടെ നിഴലായി നിന്ന് ഉദയായുടെ എല്ലാ സിനിമകളുടെയും നിര്‍മ്മാണത്തില്‍ മുഖ്യപങ്കുവഹിച്ച അപ്പച്ചന്‍ എന്ന ചാക്കോ പുന്നൂസ് സ്വന്തം ബാനറായ നവോദയക്ക് വേണ്ടി നിര്‍മ്മിച്ചത് വെറും 13 സിനിമകള്‍ മാത്രമാണ്.

കുഞ്ചാക്കോയും മരണശേഷമാണ് അപ്പച്ചന്‍ നവോദയ സ്ഥാപിച്ചത്.

1978 ഏപ്രില്‍ 7 ന് റിലീസായ കടത്തനാട്ടുമാക്കമാണ് ആദ്യത്തെ സിനിമ.

അതേ വര്‍ഷം തന്നെ സെപ്തംബര്‍ 1 നാണ് മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു റിലീസിയത്.

79 ല്‍ മാമാങ്കം(മൂന്ന് സിനിമകളുടെയും സംവിധായനും നിര്‍മ്മാതാവും അപ്പച്ചന്‍ തന്നെ).

1980 ല്‍ മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിസ്റ്റാര്‍ സിനിമ തീക്കടല്‍ അപ്പച്ചന്റെ തന്നെ സംവിധാനത്തില്‍ പുറത്തുവന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 1980 ലാണ് ഫാസിലിനെ സംവിധായനാക്കി അപ്പച്ചന്‍ നിര്‍മ്മിച്ചത്.

നായകനും നായികയും  വില്ലനും തിരക്കഥാകൃത്തും സംഗീതസംവിധായനും എല്ലാം പുതുമുഖങ്ങള്‍.

വന്‍ ഹിറ്റായി മാറിയ ഈ സിനിമക്ക് ശേഷം 81 ല്‍ ലോകനാര്‍കാവ് എന്ന പേരില്‍ 70 എം.എം സിനിമക്ക് വേണ്ടി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

1982 ലാണ് മലയാളത്തിലെ ആദ്യത്തെ 70 എം.എം സിനിമ പടയോട്ടം റിലീസായത്.

അലക്‌സാണ്ടര്‍ ഡ്യൂമയുടെ ദ് കൗണ്ട് ഓഫ് മോണ്ടിക്രിസ്‌റ്റോ എന്ന നോവലിനെ അധികരിച്ചാണ് എന്‍.ഗോവിന്ദന്‍കുട്ടിയുടെ തിരക്കഥയില്‍ പടയോട്ടം നിര്‍മ്മിച്ചത്.

1983 ല്‍ ഫാസിലിന്റെ രചനയിലും സംവിധാനത്തിലും എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്,

1884 ല്‍ ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍,

84 ല്‍ രഘുനാഥ് പലേരിയെ സംവിധായകനാക്കി ഒന്നുമുതല്‍ പൂജ്യം വരെ,

89 ല്‍ കമലഹാസനെ നായകനാക്കി രാജീവ്കുമാറിന്റെ സംവിധാനത്തില്‍ ചാണക്യന്‍,

97 ല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പാര്‍ട്ട്-2,

2003 ല്‍ ജോസ് പുന്നൂസിന്റെ സംവിധാനത്തില്‍ മാജിക് മാജിക് ത്രീഡി,

2011 ല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ (ഡിജിറ്റല്‍ വേര്‍ഷന്‍).

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാട്ടര്‍തീം പാര്‍ക്ക് ചെന്നൈയിലെ താമ്പരത്ത് 116 ഏക്കറില്‍ ആരംഭിച്ചത് അപ്പച്ചനാണ്.

ബൈബിള്‍ എന്ന പേരില്‍ വലിയമുതല്‍മുടക്കില്‍ ടി.വി.സീരിയല്‍ ആരംഭിച്ചെങ്കിലും ഇടക്കുവെച്ച് നിര്‍ത്തി.

2012 ഏപ്രില്‍ 23 ന് അപ്പച്ചന്‍ നിര്യാതനായി.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍-(റിലീസ്-1984 ആഗ്‌സ്ത്-24).

മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമ. സിനിമ കാണാന്‍ കണ്ണടയും സില്‍വര്‍ സ്‌ക്രീനും മലയാളിക്ക് പുത്തന്‍ അനുഭവമാക്കി മാറ്റിയ സിനിമ.

ജിജോ സംവിധാനം ചെയ്ത ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് രഘുനാഥ് പലേരി.

നിരവധി കഥകള്‍ ത്രീഡി സിനിമക്ക് വേണ്ടി പരിഗണിച്ചുവെങ്കിലും കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന കഥ മതി എന്ന തീരുമാനത്തില്‍ നിന്നാണ് കുട്ടിച്ചാത്തന്‍ ഉണ്ടായത്.

മാസ്റ്റര്‍ അരവിന്ദ്, ബേബി സോണിയ, മാസ്റ്റര്‍ മുകേഷ്, മാസ്റ്റര്‍ സുരേഷ് എന്നിവരാണ് കുട്ടിച്ചാത്തിനിലെ പ്രധാന കഥാപാത്രങ്ങള്‍.

കൊട്ടാരക്കര ശ്രീധരന്‍നായര്‍, ജഗദീഷ്, ആലുംമൂടന്‍, ദിലീപ് താഹിര്‍, കൊല്ലം ജി.കെ.പിള്ള, അരൂര്‍ സത്യന്‍ എന്നിവരും വേഷമിട്ടു.

അശോക് കുമാറാണ് ക്യാമറാമാന്‍, എഡിറ്റിംഗ് ടി.ആര്‍.ശേഖര്‍,

കലാസംവിധാനം കെ.ശേഖര്‍, പരസ്യ ഡിസൈന്‍ ഗായത്രി അശോക്. നവോദയാ റിലീസ് തന്നെയാണ് വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-ബിച്ചു തിരുമല, സംഗീതം-ഇളയരാജ).

1.ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി-എസ്.ജാനകി, എസ്.പി.ശൈലജ.

2.മിന്നാമിനുങ്ങും മയില്‍ കണ്ണിയും-യേശുദാസ്.