കണ്ടും തൊട്ടറിഞ്ഞും-വി.പി.മഹേശ്വരന്‍ മാസ്റ്ററുടെ പുസ്തകം നവംബര്‍-17 ന് പ്രകാശനം ചെയ്യും.
തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ പഴയകാല അധ്യാപകരെയും അനധ്യാപകരെയും സഹപ്രവര്‍ത്തകരെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന
കണ്ടും; തൊട്ടറിഞ്ഞും എന്ന ഈ ചെറുകുറിപ്പുകളുടെ സമാഹാരവുമായി റിട്ട. അധ്യാപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.പി.മഹേശ്വരന്‍ മാസ്റ്റര്‍.
ഏറെ സംവത്സരങ്ങള്‍ ജന്മദൗത്യമായി അദ്ധ്യാപനത്തെ കൊണ്ടുനടക്കുകയും കൗമാര-ബാല്യങ്ങളുടെ കൂട്ടുകാരും മാര്‍ഗ്ഗനിര്‍ദ്ദേശകരുമായി അവര്‍ക്കൊപ്പം ജീവിക്കുകയും ചെയ്ത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിലെ കുറേയേറെ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം.
ഇതവരുടെ ഔദ്യോഗിക ജീവിതകഥാസാരം; നിശ്ചയമായും എന്റെ വ്യക്തിനിഗമനാനുസാരം നേരനുഭവങ്ങള്‍ക്ക് അക്ഷരവെളിച്ചം പകരുകയാണിവിടെ ചെയ്തിരിക്കുന്നതെന്ന് മഹേശ്വരന്‍ മാസ്റ്റര്‍ പറഞ്ഞു.
ഓര്‍ക്കപ്പെടേണ്ടവരുടെമേല്‍ വിസ്മൃതിയുടെ രാവ് പടരുന്നത് കണ്ടതിന്റെ നിസ്സഹായതാബോധമാണ് ഈ വ്യക്തിക്കുറിപ്പുകള്‍ക്ക് കാരണമായിട്ടുള്ളത്.
ഗുരുനാഥന്മാരുടെ അനുഗ്രഹാശിസ്സുകളും സഹപ്രവര്‍ത്തകരുടെ കുശലാന്വേഷണങ്ങളും സഹപാഠികളുടെ ചേര്‍ത്ത് പിടിക്കലുകളും ശിഷ്യരുടെ സ്നേഹാന്വിത കരുതലുമാണ് ജീവിതം സഹനീയമാക്കുന്നതെന്ന് ഞാനറിയുന്നു.
അവര്‍ക്ക് മുന്നില്‍ ഈ മണ്‍മറഞ്ഞ അദ്ധ്യാപകരുടെ മഹിതസ്മരണകള്‍ സമര്‍പ്പിക്കുന്നതായും മഹേശ്വരന്‍ മാസ്റ്റര്‍ പറയുന്നു.
ഇത്തരത്തിലുള്ള ഒരു പുസ്തകം ഒരുപക്ഷെ, മലയാളത്തില്‍ ആദ്യത്തേതായിരിക്കും.
പുസ്തക പ്രകാശനം നവംബര്‍-17 ന് രാവിലെ 10 ന് മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ വെച്ച് ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ നിര്‍വ്വഹിക്കും.
ജില്ലാ ജഡ്ജി കെ.സോമന്‍ അധ്യക്ഷത വഹിക്കും.
ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ ഏറ്റുവാങ്ങും.
പയ്യന്നൂര്‍ കുഞ്ഞിരാമന്‍, പി.സി.വിജയരാജന്‍, വി.എച്ച്.നിഷാദ്, സുസ്മിതബാബു എന്നിവര്‍ പ്രസംഗിക്കും.
പി.ഹരിശങ്കര്‍ സ്വാഗതവും വി.പി.മഹേശ്വരന്‍ മാസ്റ്റര്‍ നന്ദിയും പറയും.