പ്രിയംവദയല്ലയോ പറയുകയില്ലയോ-നിലയ്ക്കാത്ത ചലനങ്ങള്‍@53.
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്ത് വന്ന വ്യക്തിയാണ് കെ.സുകുമാരന്‍നായര്‍.

1954- നേമം മെരിലാന്റ് സ്റ്റുഡിയോയില്‍ 1954 ല്‍ പി.സുബ്രഹ്മണ്യത്തിന്റെ പ്രത്യേകതാല്പര്യപ്രകാരം സി. ഐ. ഡി എന്ന ചിത്രത്തിന്റെ പ്രധാന സഹസംവിധായകനായി. സി. ഐ. ഡി മുതല്‍ പ്രിയതമ വരെ മുപ്പതോളം ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.
1967 ല്‍ നീലായുടെ ലേഡി ഡോക്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
1970 ല്‍ നിലയ്ക്കാത്ത ചലനങ്ങള്‍, 71 ല്‍ പുത്തന്‍വീട്, 79 ല്‍ ഇനിയെത്ര സന്ധ്യകള്‍, 81ല ല്‍ അയ്യനേത്തിന്റെ പ്രശസ്ത നോവല്‍ ചൂതാട്ടം, 81 ല്‍ തന്നെ പോലീസ് സൂപ്രണ്ടായി വിരമിച്ച അബ്ദുള്‍ഹമീദിന്റെ ക്രൈം സ്റ്റോറികളെ ആസ്പദമാക്കി ഹമീദ് തന്നെ കഥ, തിരക്കഥ, സംഭാഷണം രചിച്ച് നിര്‍മ്മിച്ച് മധു പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ച ഇര തേടുന്ന മനുഷ്യര്‍.
മെരിലാന്റ് സ്റ്റുഡിയോ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. 1970 ല്‍ കാനം.ഇ.ജെ. പൗലോസിന്റെ നിലയ്ക്കാത്ത ചലനങ്ങള്‍ എന്ന നോവല്‍ ചലച്ചിത്രമാക്കി.
ഇതിന്റെ നിര്മന്മാണവും സംവിധാനവും കെ.സുകുമാരന്‍നായര്‍ തന്നെയായിരുന്നു.
സി.ജെ.മോഹന്‍ ക്യാമറയും ജി.വെങ്കിട്ടരാമന് എഡിറ്റിംഗും നിര്‍വ്വഹിച്ചു. എസ്.എ.സലാമായിരുന്നു പോസ്റ്റര്‍ ഡിസൈന്‍.
സത്യന്, മധു, ജയഭാരതി, ജോസ്പ്രകാശ്, കോട്ടയം ചെല്ലപ്പന്, എസ്.പി.പിള്ള, ആലുംമൂടന്‍, രേണുക, ആറന്മുള പൊന്നമ്മ, മീന, ടി.ആര്.ഓമന, നെല്ലിക്കോട് ഭാസ്ക്കരന്‍, പ്രേംപ്രകാശ് എന്നിവര്‍ മുഖ്യവേഷത്തിലെത്തി.
വയലാറും ദേവരാജനും ഒരുക്കിയ 5 ഗാനങ്ങള്‍ ഈ സിനിമയിലുണ്ട്. 1970 സപ്തംബര്‍ 25 ന് 53 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.
കഥാ സംഗ്രഹം.
ജോണിയും മേഴ്സിയും സാമും കോളേജിലെ സഹപാഠികളാണ്. ജോണിയും മേഴ്സിയും തമ്മില്‍ പ്രണയത്തിലുമാണ്. ചില പ്രശ്നങ്ങളുടെ പേരില്‍ ജോണി കോളേജില്‍ നിന്നും പുറത്താക്കപ്പെടുകയും അയാള്‍ പട്ടാളത്തില്‍ ചേരുകയും ചെയ്തു. അവധിക്കു നാട്ടിലെത്തിയ ജോണിക്ക് വിവാഹാലോചനകള്‍ പലതും വന്നിട്ടും മേഴ്സിക്കു വേണ്ടി അവന് അവയെല്ലാം നിരസിച്ചു. മേഴ്സി നല്കിയ വാഗ്ദാനങ്ങളോടെ ജോണി തിരിച്ചു പോയി. വിരഹവേദനയുടെ ചൂടാറുന്നതിനു ജോണി മരണപ്പെട്ടുവെന്ന വാര്‍ത്ത നാട്ടിലെത്തി. മേഴ്സിയുടെ ഹൃദയം പിളര്‍ന്ന അനുഭവം ആയിരുന്നു അത്. ദുഃഖത്തിന്റെ പടുകുഴിയില്‍പെട്ടു പോയ അവളെ ആശ്വസിപ്പിക്കുവാന്‍ പഴയ സുഹൃത്തായ സാം എത്തി.മേഴ്സിയും സാമുമായുള്ള സാമീപ്യം സാമൂഹ്യ നിയമങ്ങളുടെ സീമകളെ ലംഘിച്ചു മുന്നോട്ടു പോയി. ഇതിനിടെ അവിവാഹിതയായ മേഴ്സി ഒരു മാതാവായിക്കഴിഞ്ഞിരുന്നു. ഈ വിവരമൊന്നുമറിയാതെ സാം ഒരു പണക്കാരിയെ വിവാഹം കഴിച്ചു. അപവാദ ശരങ്ങളേറ്റ് അപമാനത്തിന്റെ മേഴ്സി കൈക്കുഞ്ഞുമായി വേദനയുടെ ലോകത്തില്‍ കഴിഞ്ഞു. ഈ സമയത്താണ് മരിച്ചു പോയതായി കരുതപ്പെട്ട ജോണി ശത്രുക്കളുടെ തുറുങ്കില്‍ നിന്നും മോചിതനായി നാട്ടിലെത്തിയത്. തന്റെ ജീവിതസഖിയെ തേടിപ്പിടിച്ച് മനുഷ്യ സഹജമായ അവളുടെ തെറ്റുകള്‍ക്ക് മാപ്പു നല്കി കൊണ്ട് അവളെ സ്വീകരിക്കുവാന്‍ അയാള്‍ തയ്യാറായെങ്കിലും മേഴ്സി അനുകൂലിച്ചില്ല. ജോണി തന്റെ കാമുകിയുടെ ജീവിതം നശിപ്പിച്ച സാമിനെ കണ്ടു സംസാരിച്ചു. വിവാഹിതനായ തന്റെ കുടുംബ ജീവിതം താറുമാറാക്കരുതെന്ന് സാം കേണപേക്ഷിച്ചു. മേഴ്സിയെയും സാമിന്റെ കുട്ടിയെയും കൂട്ടി അങ്ങോട്ടു ചെല്ലുമെന്നറിയിച്ച ശേഷം ജോണി തിരിച്ചു പോന്നു. ജോണി സാമിനെ ഉപദ്രവിക്കാതെ മേഴ്സിയെ സ്വീകരിക്കുവാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി. പക്ഷേ അപ്പോഴേക്കും സാം സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചിരുന്നു.സാമിന്റെ ശവകുടീരത്തില്‍ ജോണിയും മേഴ്സിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-ദേവരാജന്‍)
1-പ്രിയംവദയല്ലയോ പറയുകയില്ലയോ-യേശുദാസ്.
2-ശ്രീനഗരത്തിലെ ചിത്രവനത്തിലെ-ജയചന്ദ്രന്.
3-ശരത്കാലയാമിനീ സുമംഗലിയായി-മാധുരി.
4-മധ്യവേനല്‍ അവധിയായി-പി.സുശീല.
5-ദുഖവെള്ളിയാഴ്ച്ചകളേ-പി.സുശീല.
