കമ്യൂണിസ്റ്റ് വിപ്ലവകാരിയും നാടകകൃത്തും മുന്‍ എം.എല്‍.എയും തിരക്കഥാകൃത്തുമായ
തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.
അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ നാടകം അതേ പേരില്‍ ഉദയായുടെ ബാനറില്‍ എം.കുഞ്ചാക്കോയാണ് ചലച്ചിത്രമാക്കിയത്.
തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി തന്നെ.
സത്യന്, പ്രേംനസീര്‍, ഷീല,ജയഭാരതി, കെ.പി.ഉമ്മര്‍, കോട്ടയം ചെല്ലപ്പന്, എസ്.പി.പിള്ള, കെ.പി.എ.സി.ലളിത, ആലുംമൂടന്‍, കുണ്ടറ ഭാസി, തോപ്പില്‍ കൃഷ്ണപിള്ള, വിജയകുമാരി എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.
എക്സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയുടെ ക്യാമറ സി.രാമചന്ദ്രമേനോന്‍, എഡിറ്റര്‍-എസ്.പി.നാഗകൃഷ്ണന്.
കലാസംവിധാനം ജെ.ജെ.മിരാന്‍ഡ. പശ്ചാത്തല സംഗീതം-ആര്.കെ.ശേഖര്‍, പരസ്യം ബാലന്.
1970 സപ്തംബര്‍ 11 നാണ് 53 വര്‍ഷം മുമ്പ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പ്രദര്‍ശനത്തിനെത്തിയത്.
കഥാസംഗ്രഹം
നശിച്ചു കൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ കാരണവരായ പരമുപിള്ളക്കും(സത്യന്), കല്യാണിയമ്മക്കും(വിജയകുമാരി) മക്കള്‍ രണ്ട്. മൂത്ത മകന് ഗോപാലന്(പ്രേംനസീര്‍) കോളേജ് ജീവിതം അവസാനിപ്പിച്ച് തൊഴിലാളി സംഘം ഉണ്ടാക്കാന്‍ പോയതില്‍ പരമുപിള്ളക്ക് പുച്ഛവും വെറുപ്പുമാണ്. അവരുടെ ഇളയ മകളാണു മീനാക്ഷി(ജയഭാരതി). ആ നാട്ടിലെ ജന്മിയും ജനദ്രോഹിയുമായ വലിയ വീട്ടില്‍ കേശവന് നായര്‍(കോട്ടയം ചെല്ലപ്പന്)പലവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചും ചതിച്ചും പാവപ്പെട്ടവന്റെ ഓരോ തുണ്ടു ഭൂമിയും തട്ടിയെടുത്ത് തന്റേതാക്കി വളര്‍ന്നു വന്ന കൂട്ടത്തില്‍ പരമു പിള്ളയെയും പിടികൂടിയിരിക്കുകയാണ്. തൊഴിലാളി നേതാവായ മാത്യുവും(കെ.പി.ഉമ്മര്‍) ഗോപാലനും കൂടി കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങിയത് സാരമായി ബാധിച്ചത് കേശവന് നായരെയാണ്. ഈ അവസരത്തില്‍ തന്നെ കേശവന് നായരുടെ പുത്രി സുമാവലിയും(ഷീല) ഗോപാലനുമായി പ്രണയത്തിലായി. കേശവന് നായര്‍ക്ക് തന്റെ ഒരു കുടികിടപ്പുകാരനായ കുറുമ്പന്റെ(തോപ്പില്‍ കൃഷ്ണപിള്ള) മകള്‍ മാലയെ(ജയഭാരതി) കാമവലയില് കുടുക്കാന്‍ അവരുടെ മാടത്തിലെത്തി. പക്ഷേ അന്തസ്സുള്ള ആ തന്റേടക്കാരിയുടെ മുന്പില് അയാള്‍ ചൂളിപ്പോയി. അപമാനിതനായ അയാള്‍ അന്നു മുതല്‍ തന്റെ അനുചരന്മാരെക്കൊണ്ട് അവരെ ഉപദ്രവിച്ചും കള്ളക്കേസില്‍ പ്രതികളാക്കി വിഷമിപ്പിച്ചുകൊണ്ടുമിരിക്കയാണ്. കര്‍ഷകത്തൊഴിലാളി നേതാവായ ഗോപാലന്റെ ഇടപെടല്‍ കൊണ്ട് ആ പ്രശ്നങ്ങളെ അതിജീവിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ഗോപാലനുമായുള്ള നിരന്തരമായ ഇടപഴകല്‍ കൊണ്ട് മാല അവളുടെ ഹൃദയത്തില്‍ ഗോപാലന്റെ രൂപം വെച്ചു പൂജിച്ചു. അവള് ആ തൊഴിലാളി ബന്ധുവിനെ തന്റെ നാളത്തെ സ്വപ്നമായിക്കരുതി ആരാധിച്ചു. ഗോപാലന് മാലയുടെ അനുരാഗത്തിന്റെ കഥയറിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഹംസത്തിനെപ്പോലെ ഗോപാലന്റെ സന്ദേശവുമായി സുമയുടെ അടുക്കല്‍ പോകേണ്ട അവസ്ഥയും മാലക്കുണ്ടായി. മാത്യുവിന്റെ വിവേകപൂര്‍വമായ ഉപദേശം അവളില്‍ വീണ്ടും ഉണര്‍വ് സൃഷ്ടിച്ചു. സമൂഹത്തില്‍ നിന്നും സ്ഥാന ഭ്രഷ്ടനാകാന്‍ തുടങ്ങിയ കേശവന് നായര്‍ ഗോപാലനെ തന്റെ മുഖ്യ ശത്രുവായി കണ്ടു.തന്റെ റൗഡി സംഘത്തിനെക്കൊണ്ട് ഗോപാലനെ മര്‍ദ്ദിച്ചവശനാക്കി. ഗോപാലന് ആസ്പത്രിയിലുമായി ഇതേയവസരത്തില്‍ കള്ളയാധാരം സൃഷ്ടിച്ച് പരമുപിള്ളയെയും കറുമ്പനെയും കുടിയിറക്കുവാനുള്ള സംരംഭങ്ങള്‍ പൂര്‍ത്തിയാക്കി. എല്ലാം തകര്‍ന്ന പരമുപിള്ള ഒരു സിംഹത്തെപ്പോലെ അലറി. തന്നെയും തന്റെ കുടുംബത്തെയും തന്റെ മകനെയും ദ്രോഹിക്കന്ന ജന്മിക്കെതിരായി ഇരമ്പിപ്പായുന്ന ജനശക്തിയോട് ചേരാന്‍ ഓടിയിറങ്ങി അവരുടെ ചുവപ്പു പതാകയും പിടിച്ചു മുന്നണി പടയാളിയായി ആ വൃദ്ധന് മുന്നോട്ടു നടക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.