ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു-ക്ഷേത്രക്കവര്‍ച്ചയില്‍ കേസെടുത്തു-

പരിയാരം: വിവാദങ്ങള്‍ക്കൊടുവില്‍ ക്ഷേത്രക്കവര്‍ച്ചയില്‍ പരിയാരം പോലീസ് കേസെടുത്തു.

കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പരിയാരം പോലീസിന്റെ നടപടി വന്‍വിവാദമായിരുന്നു.

ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ നിമിഷ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പി.പി.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ മോഷണം നടന്ന ദിവസം പകല്‍ സ്‌റ്റേഷനിലെത്തി

രേഖാമൂലം പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യണ്ട, പ്രതിയെ ഞങ്ങള്‍ പിടിച്ചോളാമെന്ന് ഉപദേശിച്ച് എസ്.ഐ. ഇവരെ പറഞ്ഞയക്കുകയായിരുന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു.

വിവരമന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് ചെറിയ സംഭവമായതിനാല്‍ കേസ് വേണ്ടെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് കേസ് എടുക്കാതിരുന്നതെന്നായിരുന്നു പോലീസ് ഭാഷ്യം.

മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ക്കുകയും ഭണ്ഡാരം പൊളിച്ചും ഓഫീസ് തകര്‍ത്തും പണം കവരുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാതിരുന്നതില്‍ മലബാര്‍ ദേവസ്വം അധികൃതര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു.

സംഭവം ഒച്ചപ്പാടായതോടെ തിങ്കളാഴ്ച്ച രാത്രിയാണ് ക്ഷേത്രക്കവര്‍ച്ചയില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കേസില്‍ യാതൊരുവിധ ശാസ്ത്രീയ അന്വേഷണവും നടന്നിട്ടില്ല.

വിളയാങ്കോട് ക്ഷേത്രത്തിലെ 5 ലക്ഷം രൂപ വിലമതിക്കുന്ന വിഗ്രഹം ഉള്‍പ്പെടെ കവര്‍ച്ച ചെയ്ത കേസിലും നിരവധി മറ്റ് മോഷണ കേസുകളിലും രണ്ട് വര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ പരിയാരംപോലീസിന് സാധിച്ചിട്ടില്ല.

ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസ് ഒതുക്കാനുള്ള പോലീസിന്റെ ശ്രമം പുറത്ത് കൊണ്ടുവന്നത്.