മോഷ്ടാവ് സ്വര്‍ണവും പണവും ഉപേക്ഷിച്ചു-കള്ളനെ പിടിക്കാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം-
പരിയാരം: അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം.
പരിയാരം സി.ഐ ഉള്‍പ്പെടയുള്ളവരുടെ പിടിപ്പുകേടാണ് മോഷ്ടാവിനെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം-
ഒക്ടോബര്‍ 2 ന് മോഷ്ടാവ് സി.സി.ടി.വി.കാമറയില്‍ കുടുങ്ങിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ശ്രമിക്കാതെ പോലീസ് നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുക്കുകയായിരുന്നു.
അരിപ്പാമ്പ്ര, തിരുവട്ടൂര്‍ പ്രദേശങ്ങളില്‍ നിരവധി മോഷണം നടത്തിയ കള്ളന്‍ പോലീസ് പരിയിലാവുമെന്ന് ഭയന്ന് സ്വര്‍ണവും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടുവരാന്തയില്‍ ഉപേക്ഷിച്ചതോടെയാണ് പോലീസിന്റെ പിടിപ്പുകേട് പുറത്തുവന്നത്.
പരിയാരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ അഷറഫ് കൊട്ടൊലയുടെ വീട്ടുവരാന്തയിലാണ് 1,91,500 രൂപയും 37.500 ഗ്രാം സ്വര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണതരികളും കവറിലാക്കി ഉപേക്ഷിച്ചത്.
കവറില്‍ മോഷണം നടത്തിയ വീട്ടുകാരുടെ പേര് എഴുതിയ കടലാസും ഉണ്ടായിരുന്നു. തിങ്കളാഴ്ച്ച രാത്രിയിലാണ് സ്വര്‍ണം ഉപേക്ഷിച്ചതെന്ന് കരുതുന്നു.
ചൊവ്വാഴ്ച്ച രാവിലെ ഇത് കണ്ട ഉടന്‍ തന്നെ അഷറഫ് പരിയാരം പോലീസിന് കൈമാറി. കഴിഞ്ഞ ആറ് മാസക്കാലമായി ഈ പ്രദേശത്ത് നിരന്തര മോഷണം നടന്നുവരികയായിരുന്നു.
കൊറോണക്കാലത്ത് പറ്റിയ തെറ്റിന് മാപ്പ് ചോദിക്കുന്നതായും ഞങ്ങള്‍ വളരെ പ്രയാസത്തിലാണ് ജീവിക്കുന്നതെന്നും ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു എന്നും മോഷ്ടാവ് കത്തില്‍ പറയുന്നുണ്ട്.