കെ.ആര്‍.ഗൗരിയമ്മയേയും സുശീലഗോപാലനേയും സരോജിനി ബാലാനന്ദനേയും പോലെയല്ല, ശ്യാമള ഗോവിന്ദന്‍.

കെ.ആര്‍.ഗൗരിയമ്മ, സുശീല ഗോപാലന്‍, സരോജിനി ബാലാനന്ദന്‍ എന്നീ സി.പി.എം വനിത നേതാക്കളോട് പി.കെ.ശ്യാമളയെ ചേര്‍ത്തുനിര്‍ത്താന്‍ സി.പി.എമ്മിലെ ചില നേതാക്കളും നവമാധ്യമബ്രിഗേഡും നടത്തുന്ന ശ്രമങ്ങളോട് മുഖം നോക്കാതെ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല.

 തളിപ്പറമ്പില്‍ പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടിവിട്ട് പുറത്തേക്ക് വരികയും യു.ഡി.എഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ടി.കെ.ഗോവിന്ദന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിന് ശേഷം നവമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറിയഭിഷേകം പ്രത്യേകം പരിശീലനം നേടിയ സി.പി.എം നവമാധ്യമ ബ്രിഗേഡിന്റെതാണെന്ന് വിവിധപോസ്റ്റുകളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാവും.

ചില വിപ്ലവശിങ്കങ്ങള്‍ നടത്തുന്ന പ്രസംഗങ്ങളും പ്രസ്താവനകളുമാണ് ഏറെ തമാശയുണ്ടാക്കുന്നത്.

കെ.ആര്‍.ഗൗരിയമ്മ, സുശീല ഗോപാലന്‍, സരോജിനി ബാലാനന്ദന്‍ എന്നിവരോടൊക്കെയാണ് പി.കെ.ശ്യാമളയെ ചിലര്‍ ഉപമിക്കുന്നത്.

ഇ.എം.എസ്. മന്ത്രിസഭയില്‍ ഒരേസമയം മന്ത്രിമാരായ ദമ്പതികളാണ് ടി.വി.തോമസും കെ.ആര്‍.ഗൗരിയമ്മയും.

ഇരുവരുടെയും ഐതിഹാസികമായ പ്രവര്‍ത്തനങ്ങള്‍ ഏതൊരു കമ്യൂണിസ്റ്റുകാരനെയും ആവേശംകൊള്ളിക്കുന്നതാണ്.

എ.കെ.ജി എന്ന പാവങ്ങളുടെ പടത്തലവനോടൊപ്പം ത്യാഗസുരഭിലമായ ജീവിതം നയിച്ച വ്യക്തിത്വമാണ് സുശീല ഗോപാലന്‍.

1950 ല്‍ കണ്ണൂരില്‍ നിന്നും 57ലും 62 ലും 67 ലും കാസര്‍ഗോഡുനിന്നും 71 ല്‍ പാലക്കാട് നിന്നും ലോകസഭയിലേക്ക് വിജയിച്ച എ.കെ.ജി ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യത്തെ പ്രതിപക്ഷനേതാവാണ്.

അദ്ദേഹത്തോടൊപ്പം നിരവധി പോരാട്ടങ്ങള്‍ക്ക് അനുയാത്ര ചെയ്തവരാണ് സുശീല ഗോപാലന്‍.

അവരുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായാണ് 1967 ല്‍ അമ്പലപ്പുഴയില്‍ നിന്ന് ആദ്യമായി പാര്‍ട്ടി അവരെ എം.പിയാക്കിയത്.

1980 ല്‍ മുകുന്ദപുരത്ത് നിന്ന് എം.പിയായ ബാലാനന്ദന്‍ കാലാവധി കഴിഞ്ഞപ്പോള്‍ സരോജിനിയെ ലോകസഭയിലേക്ക് അതേ സീറ്റില്‍ മല്‍സരിപ്പിച്ചിട്ടില്ല.

രണ്ട് തവണ വടക്കേക്കരയില്‍ നിന്ന് കേരള നിയമസഭയിലേക്ക് എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട ബാലാനന്ദന്‍ അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സരോജിനിയെ അവിടെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചിട്ടില്ല.

1996 ലാണ് തോല്‍ക്കുന്ന സീറ്റായ ആലുവയില്‍ അവരെ മല്‍സരിപ്പിച്ച് തോല്‍പ്പിച്ചത്.

പി.കെ.ശ്യാമളയെ ഇവരുമായി താരതമ്യപ്പെടുത്താനുള്ള ശ്രമം തന്നെ അനീതിയാണ്.

കോളേജിലോ സ്‌ക്കൂളിലോ പഠിക്കുമ്പോള്‍ സജീവ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ എത്രയോ വനിതകളുണ്ട്.

പക്ഷെ, പി.കെ.ശ്യാമളക്കുള്ള പ്രധാന യോഗ്യത അവര്‍ എം.വി.ഗോവിന്ദന്റെ ഭാര്യ എന്നത് തന്നെയാണ്.

അവര്‍ക്ക് സീറ്റ് നല്‍കുന്നതിന് ആരും എതിരല്ല, പക്ഷെ, അത് ഭര്‍ത്താവ് ഇറങ്ങുന്ന അതേ കസേരയിലേക്കായതാണ് വിമര്‍ശനത്തിന് കാരണം.

ശ്യാമളക്ക് നേരെ ഉയര്‍ന്നുവന്ന സാജന്‍ ഇഫക്ട് പോലുള്ള സംഭവങ്ങള്‍ ഗൗരിയമ്മക്കോ സുശീല ഗോപാലനോ സരോജിനി ബാലാനന്ദനോ നേരിടേണ്ടി വന്നിട്ടില്ല.

അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ബഹുമാന്യരായ വനിത നേതാക്കളായിരുന്നു അവരൊക്കെ.

സി.പി.എം എത്രതന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും ത്യാഗധനരായ ഈ നേതാക്കളുടെ ഏഴയലത്തുപോലും നില്‍ക്കാനുള്ള യോഗ്യത പി.കെ.ശ്യാമളക്കില്ല.

ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിക്കില്ല. മെയ്-നാലിന് അത് വിസ്മയമാവുമോ എന്നതിലാണ് ജനാധിപത്യത്തിന്റെ വിജയം.