ഒറ്റമുറിയില്‍ 80 വോട്ട് പോലുള്ള കര്‍ണാടക മോഡല്‍ തളിപ്പറമ്പില്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്-പി.കെ.സുബൈര്‍
വ്യാജ വോട്ട് ചേര്‍ക്കല്‍ – കൂട്ടുനിന്നാല്‍
ഉദ്യോഗസ്ഥരെ തെരുവില്‍ തടയും –
പി കെ സുബൈര്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ അയല്‍ പഞ്ചായത്തുകളില്‍ നിന്ന് വാടക കെട്ടിടങ്ങളുടെ നമ്പറുകള്‍ ഉപയോഗപ്പെടുത്തി പാര്‍ട്ടി കേഡറുകളുടെ വോട്ടുകള്‍ വ്യാപകമായി തളിപ്പറമ്പില്‍ ചേര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും, അങ്ങനെ വന്നാല്‍ അതിനെതിരെ യുദ്ധമുഖം തുറക്കുമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ പ്രസ്താവിച്ചു.
പലവിധത്തിലുളള ജനാധിപത്യവിരുദ്ധ നെറികെട്ട നീക്കങ്ങളിലൂടെ നഗരഭരണം പിടിക്കാമെന്ന് സിപിഎം കരുതേണ്ട.
അത്തരം വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെ തെരുവില്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.
ചില ഉദ്യോഗസ്ഥന്മാരുടെ ഒത്താശയും സംസ്ഥാന ഭരണത്തിന്റെ ദുസ്വാധീനവും ഉപയോഗിച്ച് യുഡിഎഫ് പ്രദേശങ്ങളെ കീറി മുറിച്ചിട്ടും തളിപ്പറമ്പ് നഗരസഭയില്‍ പരാജയം ഉറപ്പാക്കിയ സിപിഎം ഒറ്റ മുറിയില്‍ 80 വോട്ട് പോലുള്ള കര്‍ണാടക മോഡല്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
അത്തരം നീക്കങ്ങള്‍ക്കെതിരെ തളിപ്പറമ്പിലെ ഉശിരുള്ള ജനാധിപത്യ വിശ്വാസികള്‍ കാവല്‍ നില്‍ക്കുമെന്നും സുബൈര്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
