മഴക്കാല സവാരിക്ക് പുഴാതി-പള്ളിക്കുന്ന്-ചിറക്കല്‍ നടത്ത കൂട്ടായ്മ പട്ടുവം മംഗലശേരിയില്‍
തളിപ്പറമ്പ്: മഴക്കാലത്തൊരു മംഗലശേരി സവാരിയുമായി പുഴാതി-പള്ളിക്കുന്ന്-ചിറക്കല്‍ വാക്കേഴ്‌സ് ക്ലബ്ബ്(പി.പി.സി വാക്കേഴ്‌സ ക്ലബ്ബ്).
വില്ലേജ് ടൂറിംസം ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ പട്ടുവം മംഗലശ്ശേരിഗ്രാമം കാണുവാനും പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി ടൂറിസ്റ്റുകള്‍ വന്നു തുടങ്ങിയ സാഹചര്യത്തിലാണ് ക്ലബ്ബ് അംഗങ്ങള്‍ ഇന്ന് രാവിലെ പ്രഭാത നടത്തത്തിനായി പട്ടുവം മംഗലശേരിയിലെത്തിയത്.
മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി പ്രദേശമായ മംഗലശ്ശേരി വയലില്‍ അമ്പതോളം വാക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ പ്രഭാത സവാരി നടത്തി.
മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ആ ഗ്രാമങ്ങളിലെ ടൂറിസം സാദ്ധ്യതകള്‍ മനസ്സിലാക്കി വിദേശ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്ന വിധത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ആസ്ഥാനമായ പി.പി.സി വാക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ മംഗലശ്ശേരിയില്‍ ഒത്തുചേര്‍ന്നത്.
പ്രഭാത സവാരിയോടൊപ്പം യോഗ, സൂംബ ഡാന്‍സും അവതരിപ്പിക്കുകയുണ്ടായി.
മംഗലശ്ശേരി നവോദയ വായനശാലയുടെ പ്രവര്‍ത്തകരായ അജിത്ത്, ലിബീഷ്, ഹരിദാസന്‍ മംഗലശ്ശേരി എന്നിവര്‍ പി.പി.സി വാക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിച്ച് ഗ്രാമത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ വിശദീകരിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ആര്‍ക്കിടെക്ട് ടി.വി.മധുകുമാര്‍, സെക്രട്ടറി പി.രമേഷ്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ.രമേഷ്‌കുമാര്‍, പരിസ്ഥിതി വന്യജീവി സംരക്ഷകന്‍ വിജയ് നീലകണഠന്‍ എന്നിവര്‍ ടൂറിസം യാത്രയ്ക്ക് നേതൃത്വം നല്കി.
