കണ്ണൂര്‍: മദ്യപിച്ച് ട്രെയിനില്‍ കയറി യാത്രചെയ്യാമെന്ന് ഇനിയാരും കൊതിക്കണ്ട. ഓപ്പറേഷന്‍ രക്ഷിതയുമായി ആര്‍.പി.എഫും സംസ്ഥാന ഗവ.റെയില്‍വെ പോലീസും 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്.
കണ്ണൂര്‍ റെയില്‍വെ പോലീസിന് കീഴില്‍ തലശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ആല്‍കോ മീറ്റര്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നത്.
ട്രെയിനില്‍ യാത്രചെയ്യാനായി എത്തുന്നവരുടെ ശരീരഭാഷയും പ്രവൃത്തികളും നിരീക്ഷിച്ചാണ് സംഘം പരിശോധന നടത്തുന്നത്.
മദ്യപിച്ചതായി തെളിഞ്ഞാല്‍ പെറ്റികേസ് ചാര്‍ജ് ചെയ്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കും.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലും സമാനമായ രീതിയില്‍ 24 മണിക്കൂറും ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്.
പത്തിലേറെ കേസുകള്‍ ലഭിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റ് വാര്‍ത്തമാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചതിനാല്‍ മദ്യപിച്ചെത്തുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണെന്ന് റെയില്‍വെ പോലീസ് അധികൃതര്‍ പറഞ്ഞു.
പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്.
പരിശോധന കര്‍ശനമാക്കിയതോടെ ഇത്തരത്തില്‍ മദ്യപിച്ച് ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും കുറ്റകൃത്യങ്ങളിലും വലിയതോതില്‍ കുറവുണ്ടായിട്ടുണ്ട്.
പരിശോധനകളോടൊപ്പം റെയില്‍വെ പോലീസും ആര്‍.പി.എഫും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ട്.
കൂട്ടമായി വിനോദസഞ്ചാരത്തിനും മറ്റും ട്രെയിനില്‍ യാത്രചെയ്യുന്ന പെണ്‍കുട്ടികള്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സ്‌റ്റേഷനുകളില്‍ ഇറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിനിടെ
ട്രെയിന്‍ വിട്ടുപോകുമ്പോല്‍ പെട്ടെന്ന് ഓടിക്കയറി അപകടത്തില്‍ പെടുന്നതും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നതും ഒഴിവാക്കാന്‍ ബോധവല്‍ക്കരണ പരിപാടികളിലൂടെ സാധിക്കുമെന്നതിനാലാണ് ഇതിനും പ്രത്യേക പരിഗണന നല്‍കുന്നതെന്ന് റെയില്‍വെ പോലീസ് അധികൃതര്‍ പറഞ്ഞു.