രാം ലല്ലക്ക് മുമ്പില്‍ തിരുവാതിരകളിയുടെ പുണ്യവുമായി പയ്യന്നൂരിലെ മലയാളി മങ്കമാര്‍.

കാനപ്രം ശങ്കരന്‍ നമ്പൂതിരി.

അയോദ്ധ്യ: അഞ്ചു നൂറ്റാണ്ടിന്റെ അടിമത്വത്തിന്റെ കോട്ടകള്‍ തകര്‍ത്ത് തിരിച്ചെത്തിയ ബാലകരാമന് മുന്നില്‍ കേരളത്തിന്റെ കലാരൂപമായ തിരുവാതിരകളിയുടെ സൗന്ദര്യവുമായി മലയാളി മങ്കമാര്‍ നിറഞ്ഞാടി.

പയ്യന്നൂര്‍ ശ്രീ സദാശിവം തീര്‍ത്ഥാടക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അയോദ്ധ്യയിലെത്തിയ നൂറംഗ സംഘത്തിലെ മുപ്പതോളം സ്ത്രീകളാണ് ശ്രുതിമധുര സംഗീതം കൊണ്ടും അനുപമമായ നൃത്തച്ചുവടുകള്‍ കൊണ്ടും ബാലക രാമന്റെ മുന്നില്‍ നൃത്താര്‍ച്ചന നടത്തിയത്.

ഗണപതി വന്ദനത്തിന് ശേഷം അഭിഷേകം കഴിഞ്ഞങ്ങ് സുഖമായിട്ടിരിക്കുമ്പം രാമദേവന്‍ പള്ളിവേട്ടക്കെഴുന്നള്ളുന്നു.

എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ച് തനത് മലയാളി വേഷവുമായി മങ്കമാര്‍ രാമസന്നിധിയില്‍ മതിമറന്നാടിയപ്പോള്‍ ഉത്തരേന്ത്യയിലെ കാഴ്ചക്കാര്‍ക്കും അതൊരു നവ്യാനുഭവമായി.

രുദ്ര ശ്രീധര്‍, ശ്രീല മാതമംഗലം, കെ.എന്‍.അംബിക, വീണ ഉണ്ണി, ലത, സതീദേവി തുടങ്ങിയവര്‍ തിരുവാതിര കളിക്ക് നേതൃത്വം നല്‍കി.

എം.ശ്രീധരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പ്രയാഗ് രാജ്, അയോദ്ധ്യ, സാരനാഥ്, കാശി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പുണ്യതീര്‍ത്ഥാടന കേന്ദ്രമായ അയോദ്ധ്യയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത്.