മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായി വിടരും-സായൂജ്യം-44 വര്‍ഷം.

 

ഗുലാബ് പ്രേംകുമാര്‍ എന്ന സിനിമാ സംവിധായകനെ അധികമാര്‍ക്കും അറിയില്ല.

വെറും നാലേ നാല് മലയാളം സിനിമകള്‍ മാത്രം സംവിധാനം ചെയ്ത ഇദ്ദേഹം അറിയപ്പെടുന്നത് ജി.പ്രേംകുമാര്‍ എന്ന പേരിലാണ്.

അഭിമുഖങ്ങളിലോ മറ്റ് സിനിമാ വേദികളിലോ ഒന്നും കണ്ടിട്ടില്ലാത്ത പ്രേംകുമാര്‍ ശശികുമാറിന്റെ സംവിധീാന സഹായിയായിട്ടാണ് സിനിമയിലെത്തിയത്.

1979 ലെ സായൂജ്യം ആദ്യത്തെ സിനിമ. പിന്നീട് അതേ വര്‍ഷം തന്നെ ലജ്ജാവതി, 1980 ല്‍ ഹൃദയം പാടുന്നു, 82 ല്‍ പൂവിരിയും പുലരി. പിന്നീട് ഒരു സിനിമപോലും ചെയ്യാതെ രംഗത്തുനിന്ന് പിന്‍വാങ്ങിയ പ്രേംകുമാറിന്റെ നാല് സിനിമകളിലും മികച്ച ഗാനങ്ങളാണുള്ളത്.

ആദ്യത്തെ മൂന്ന് സിനിമകളിലും കെ.ജെ.ജോയിയും അവസാനത്തെ സിനിമയില്‍ ജെറി അമല്‍ദേവുമാണ് സംഗീതം ചെയ്തത്.

സായൂജ്യം എന്ന മനോഹരമായ സിനിമയിലെ പ്രണയകഥയും അതിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്.

എം.ജി.സോമന്‍, ജയന്‍, ജയഭാരതി, ജലജ, തിക്കുറിശി, ശ്രീലത, പൂജപ്പുര രവി, ടി.ആര്‍.ഓമന, അസീസ്, കൊല്ലം ജി.കെ.പിള്ള, ആറന്മുള പൊന്നമ്മ എന്നിവര്‍ പ്രധാനവേഷത്തിലെത്തി.

അക്ഷരചിത്രയുടെ ബാനറില്‍ സുകുപ്രസാദ് നിര്‍മ്മിച്ച വിജയ മൂവീസാണ് വിതരണം ചെയ്തത്.

ടി.കെ.പ്രസാദിന്റെ കഥക്ക് പാപ്പനംകോട് ലക്ഷ്മണനാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.

കെ.നാരായണന്‍ എഡിറ്റിങ്ങും ജി.വി.സുരേഷ് ക്യാമറയും കൈകാര്യം ചെയ്തു.

ഗാനങ്ങള്‍(രചന-യൂസഫലി കേച്ചേരി, സംഗീതം-കെ.ജെ.ജോയ്).

1-കാലിത്തൊഴുത്തില്‍ ജനിച്ചവരെ കരുണ നിറഞ്ഞവനേ-പി.സുശീല.

2-മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍-വാണീജയറാം(ഇതേഗാനം ദു:ഖഗാനമായി യേശുദാസും ആലപിച്ചിട്ടുണ്ട്)

3–സ്വര്‍ഗ്ഗത്തിലേക്കോ, നരകത്തിലേക്കോ-സ്വപ്‌നാടനം-ജയചന്ദ്രന്‍.