കൈതപ്രം സോമയാഗം-തലമുറകളുടെ സംഗമ വേദിയായി യജ്ഞശാല

കൈതപ്രം: കൈതപ്രം സോമയാഗം യജ്ഞശാലയില്‍ ശ്രീരാഘവപുരം സഭായോഗം യജുര്‍വേദ, സാമവേദ പാഠശാലയിലെ പഠിതാക്കള്‍ സജീവം.

കേരളത്തിലെയും ഗോകര്‍ണ്ണത്തെയും വൈദിക പണ്ഡിതന്മാര്‍ക്കൊപ്പം കുട്ടികളായ വേദ പഠിതാക്കള്‍ ഒത്തുകൂടിയപ്പോള്‍ വൈദികരംഗത്തെ തലമുറകളുടെ സംഗമ വേദിയായി യജ്ഞശാല മാറി.

ശ്രീരാഘവപുരം സഭായോഗത്തിന്റെ കീഴിലുള്ള യജുര്‍വേദ പാഠശാലയിലെയും സാമ വേദ പാഠശാലയിലെയും പഠിതാക്കള്‍ യജ്ഞശാലയില്‍ നിറസാന്നിധ്യമാകുകയാണ്.

ആചാര്യന്‍ പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിയും കടലൂര്‍ ശ്രീദാസ് നമ്പൂതിരിയും പ്രായോഗിക ജ്ഞാനം പകര്‍ന്ന് ഇവര്‍ക്ക് പ്രോത്സാഹനവും നല്‍കുന്നുണ്ട്.

യജുര്‍വേദ പഠിതാക്കളായ വിനയ് തെക്കേക്കര പെരികമന, അര്‍ജുന്‍ കേശവ് പുതുക്കുടി, ശങ്കരനാരായണന്‍ വടക്കേ അബ്ളി,
ദേവനാരായണന്‍ ചെറിയൂര്‍ മുല്ലപ്പിള്ളി, നവനീത് മാധവ് കാര ഭട്ടതിരി, ഹൃഷികേശ് കൊടക്കാട,് മാധവ് പുതിയില്ലം, വാമനദേവ് എഗ്ഡ നീലമന, ജ്ഞാനേശ്വര്‍ വടക്കേ നീലമന, ശ്രീമാധവ് കുന്നൂര്‍ശാല, ഹരികേശവ് വടക്കേ പെരികമന, ഹൃഷികേശ് പുതുമന,

സാമവേദ പഠിതാക്കളായ വിഷ്ണു നാരയണന്‍ മുളയ്ക്കല്‍, വിഷ്ണുദേവ് മുളയ്ക്കല്‍, കാളിദാസ് കല്ലൂര്‍മഠം തുടങ്ങിയവര്‍ വേദ മന്ത്രോച്ചാരണത്തില്‍ മുഴുകുന്നു.

പ്രൈഷാര്‍ത്ഥം വിശദീകരിച്ച പന്തല്‍ ദാമോദരന്‍ (കണ്ണന്‍) എന്ന ഉണ്ണി നമ്പൂതിരി ശ്രദ്ധേയനായി.

ശ്രീരാഘവപുരം സഭായോഗത്തിന്റെ കീഴില്‍ കോട്ടയം കുറിച്ചിത്താനത്ത് തുടങ്ങിയ സാമവേദ ഗുരുകുലത്തിലെ കുട്ടികള്‍ യാഗശാലയില്‍ ക്രിയാ ഭാഗങ്ങളില്‍ സഹായിച്ചും സാമസ്തുതികള്‍ ശ്രവിച്ചും രംഗത്തുണ്ട്.

ഗുരുവായൂര്‍ മേല്‍ശാന്തി ഡോ.തോട്ടം ശിവകരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് വിഷ്ണു നാരായണന്‍, വിഷ്ണുദേവ്, കാളിദാസന്‍ എന്നിവര്‍ സാമം അഭ്യസിക്കുന്നത്.