ആദ്യ സംഭാവന നല്‍കിയത് കോട്ടയത്തെ മൈക്കിള്‍-യാഗപശുവിനെ നല്‍കിയത് അബ്ദുള്‍നാസര്‍-കൈതപ്രം സോമയാഗം വേറെ ലെവല്‍.

കരിമ്പം.കെ.പി.രാജീവന്‍

കൈതപ്രം: മൈക്കിളിന്റെ ഒരുലക്ഷം സംഭാവനയും അബ്ദുള്‍നാസറിന്റെ പശുവിന്റെ പാലും, കൈതപ്രം സോമയാഗം വേറെ ലെവലിലേക്ക് മാറാന്‍ ഇനിയെന്ത് വേണം.

വര്‍ഗീയതയും ചേരിതിരിവും സൃഷ്ടിക്കാന്‍ കാരണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ സാഹോദര്യത്തിന്റെ വെളിച്ചമായി മാറുകാണ് കൈതപ്രത്തെ സോമയാഗവേദി.

സോമയാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ആദ്യമായി കൈനീട്ടം നല്‍കിയത് കോട്ടയം സ്വദേശിയായ മൈക്കിള്‍ ആയിരുന്നു.

കഴിഞ്ഞ വര്‍ഷം കൈതപ്രത്ത് നടന്ന അഗ്‌ന്യാധ്യായ ചടങ്ങ് കേട്ടറിഞ്ഞത്തിയ മൈക്കിള്‍ ഒരു ലക്ഷം രൂപയാണ് സോമയാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കിയത്.

യാഗത്തിന്റെ യജമാനന്‍ ഡോ.കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി ഡോ.ഉഷ അഗ്‌നിഹോത്രിയും ആറു ദിവസവും കുടിക്കേണ്ട പാല്‍ കറക്കുന്നതിന് പശുവിനെയും കിടാവിനെയും സംഭാവന നല്‍കിയത് അക്ബര്‍ ട്രാവല്‍സ് ഉടമ അബ്ദുള്‍ നാസര്‍.

കഴിഞ്ഞ 28-നാണ് അബ്ദുള്‍ നാസറിന്റെ പ്രതിനിധി യാഗഭൂമിയിലെത്തി പശുവിനെയും കിടാവിനെയും കൈമാറിയത്.

യാഗശാലയില്‍ രണ്ട് നേരവും ഈ പശുവിനെ കറന്ന് കിട്ടുന്ന പാല്‍ മാത്രമാണ് യാഗം തീരുന്നതുവരെ യജമാനനും പത്‌നിയും കഴിക്കുക.

മറ്റൊരു ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവര്‍ക്ക് കഴിക്കാന്‍ പാടില്ലെന്നത് കര്‍ശനമായ നിയമമാണ്.