പുള്ളിമാന്‍ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പരിയാരം: പുള്ളിമാന്റെ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മാതമംഗലം കടവനാട് റോഡരികില്‍ നിന്ന് 10 മീറ്ററോളം മാറി കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ കൊമ്പുകളടക്കമുളള മാന്‍ തലയോട്ടി കണ്ടെത്തിയത്.
നെല്ലിക്ക പറിക്കാന്‍ പോയ യുവാവാണ് മാന്‍കൊമ്പ് കണ്ടത്. ഉടന്‍ സമീപവാസികളും വാര്‍ഡംഗമായ എം. രാധാകൃഷ്ണന്‍ മാസ്റ്ററും സ്ഥലത്തെത്തി.
വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് കരുവഞ്ചാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രശ്മി എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാന്‍കൊമ്പ് കസ്റ്റഡിയിലെടുത്തു.
മാന്‍കൊമ്പിന് ഏകദേശം അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്‍ അറിയിച്ചു.
പഴയ തറവാട് ഭവനങ്ങളില്‍ ആഡ്യത്വത്തിന്റെ അലങ്കാരമായി ഇത്തരം മൃഗങ്ങളുടെ കൊമ്പുകളും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് വനംവകുപ്പിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്.
ഇത് മനസിലാക്കി ആരെങ്കിലും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണിതെന്നാണ് വനംവകുപ്പിന്റെ അനുമാനം.
പുള്ളിമാനുകള്‍ ആറളത്തെ റിസര്‍വ് വനത്തില്‍ മാത്രമാണ് ഇപ്പോള്‍ കാണപ്പെടുന്നത്.
സംഭവത്തില്‍ ആദ്യം കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ നല്‍കിയ
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉന്നത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
