സ്‌റ്റേറ്റ്ബസ്-ഇനി ജനഹൃദയങ്ങളിലേക്ക്-ഡിസംബര്‍ 9 ന് റിലീസ് ചെയ്യും.

മുയ്യം രാജന്‍

സ്‌റ്റേറ്റ് ബസിനെ നാം ‘ആനവണ്ടി’ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഈ വണ്ടി എന്നും കേരളീയരുടെ സ്വകാര്യ അഹങ്കാരമായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്‌റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ‘സ്‌റ്റേറ്റ് ബസ്’ എന്ന സിനിമ മുന്നേറുന്നത്.

ഒരു കെ എസ് ആര്‍ ടി സി ബസിനകത്ത് നടക്കുന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് നമ്മുടെ സ്‌റ്റേറ്റ്ബസ് സഞ്ചരിക്കുന്നത്.

പതിനാല് ദിവസത്തെ റിമാന്റ് കാലാവധി കഴിഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയായ തലശ്ശേരിയിലേക്ക് രാഘവന്‍ കൊലക്കേസ് പ്രതി റഷീദിനെ (വിജിലേഷ്) ബസില്‍ കൊണ്ടുപോകുന്നതും അതിനിടയില്‍ സ്വന്തം എട്ടനെ കൊന്നതിന്റെ പ്രതികാരം ചെയ്യാന്‍ ബസിന്റെ തൊട്ട് പിന്നിലെ സീറ്റില്‍ പ്രതികാരബുദ്ധിയോടെ പതിയിരിക്കുന്ന രമേശന്റെയും (സന്തോഷ് കീഴാറ്റൂര്‍) ഹൃദയസ്പര്‍ശിയായ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഒരു ബസ് യാത്രയില്‍ ഉരുത്തിരിയുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രത്തെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ്ു തളിപ്പറമ്പിന്റെ സ്വന്തം സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട്.

ഈ നാടിന്റെ തന്നെ അഭിമാനം സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഇതിലെല്ലാം ഉപരിയായി ഈ സിനിമയുടെ കഥയും തിക്കഥയും യുവ എഴുത്തുകാരനായ പ്രമോദ് കൂവേരിയുടേതാണ്.

അദേഹത്തിന്റെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ‘അഗ്രേപശ്യാമി’ (കണ്‍മുന്നില്‍ എല്ലാം ഞാന്‍ കാണുന്നു) എന്ന പ്രശസ്ത കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ‘സ്‌റ്റേറ്റ് ബസ് ‘.

നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ എന്ന ദയാബായി അഭിനയിച്ച ചിത്രം, ആണ്ടാള്‍ തുടങ്ങിയ ചിത്രങ്ങളുടെ കഥയും തിരക്കഥയും കൂവേരിയുടെ ക്രെഡിറ്റിലുണ്ട്.

സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സോഷ്യല്‍ പൊളിറ്റിക്‌സ് ചര്‍ച്ച ചെയ്യുന്ന ട്രാവല്‍മൂവിയാണ് സ്‌റ്റേറ്റ് ബസ് എങ്കിലും കുടുംബപശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ മര്‍മ്മം കുടികൊള്ളുന്നത്.

സസ്‌പെന്‍സും ത്രില്ലും ആക്ഷനുമൊക്കെ ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ട്രെയിനര്‍. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ പ്രേക്ഷകരെ രസിപ്പിക്കും വിധത്തില്‍ നര്‍മ്മങ്ങള്‍ കലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളുമൊക്കെയാണ് ഈ ചിത്രം ഒപ്പിയെടുക്കുന്നത്.

മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളായും മറ്റ് നിരവധി കലാകാരന്മാരെയും അണിനിരത്തിക്കൊണ്ട് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘സ്‌റ്റേറ്റ്ബസ്’ 2022 ഡിസംബര്‍ 9ന് റിലീസിനൊരുങ്ങുന്നു.

സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ (The Half) എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്‌റ്റേറ്റ് ബസ്.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട് വ്യക്തമാക്കി. വടക്കന്‍ കേരളത്തിന്റെ ഗ്രാമീണ ദൃശ്യങ്ങള്‍ വളരെ മനോഹരമായി ഒപ്പിയെടുത്ത ചിത്രം.

കാതിന് ഇമ്പമേകുന്ന മൂന്ന് ഗാനങ്ങള്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഹിന്ദി, ഭോജ്പൂരി അടക്കം എട്ട് ഭാഷകളില്‍ റിലീസ് ചെയ്യുന്നു ഈ ചലച്ചിത്രം. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ പുതുമയാണ്.

അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍ മാസ്റ്ററാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്. സമീപകാലത്തിറങ്ങിയ മലയാള സിനിമകളില്‍ നിന്നെല്ലാം പ്രമേയവും ആവിഷ്‌ക്കാര പുതുമയും കൊണ്ട് വേറിട്ട് നില്‍ക്കുന്നു. വടക്കന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളായിരുന്നു പ്രധാനപ്പെട്ട ലൊക്കേഷനുകള്‍.

സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ് എന്നിവര്‍ക്ക് പുറമെ സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഇതില്‍ അണിനിരക്കുന്നുണ്ട്.

ബാനര്‍ സ്റ്റുഡിയോ സി സിനിമാസ്, വിതരണം ഹാപ്പിനെസ്സ് സ്റ്റുഡിയോസ് റിലീസ്, ഛായാഗ്രഹണം പ്രസൂണ്‍ പ്രഭാകര്‍, പശ്ചാത്തലസംഗീതം മോഹന്‍ സിത്താര, ചിത്രസംയോജനം ഡീജോ പി വര്‍ഗ്ഗീസ്, ചമയം പീയൂഷ് പുരുഷു, കലാസംവിധാനം മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍ ധീരജ് ബാല, വസ്ത്രാലങ്കാരം വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍ ശ്രീനി പുറയ്ക്കാട്ട്, വി എഫ് എക്‌സ് ജയേഷ് കെ പരമേശ്വരന്‍, കളറിസ്റ്റ് എം മഹാദേവന്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍, സബ്‌ടൈറ്റില്‍സ് ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വി.വി.വിനോദ്കുമാര്‍, ഗാനരചന എം ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍- വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ്. സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം. എന്നിവരാണ് സ്‌റ്റേറ്റ് ബസിന്റെ അണിയറപ്രവര്‍ത്തകര്‍.

സ്‌റ്റേറ്റ് ബസ്സ് സിനിമയുടെ പ്രവര്‍ത്തകര്‍ സംസ്ഥാന തലത്തില്‍ ഒരുക്കിയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സ്മാരക അവാര്‍ഡ് മത്സരത്തില്‍ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മറ്റ് അഞ്ചുപേര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചിത്രകാരനും സിനിമാതാരവുമായ കോട്ടയം നസീര്‍ നിര്‍വ്വഹിച്ചു. പ്രഥമസ്ഥാനം നേടിയ കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.