താലൂക്ക് വികസനസമിതികള്‍ ചടങ്ങായി മാറുന്നു-ഇന്ന് സമ്മേളിച്ചത് വെറും 20 മിനുട്ട്മാത്രം.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി വെറും ചടങ്ങായി മാറി, ഇന്ന് സമ്മേളിച്ചത് 20 മിനുട്ട്മാത്രം.

താലൂക്കുകളിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് 2006 ല്‍ രൂപീകരിച്ച താലൂക്ക് സഭകളാണ് പിന്നീട് താലൂക്ക് വികസനസമിതികളായി മാറിയത്.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന വികസനസമിതികള്‍ പൊതുജനപരാതികള്‍ പരിഹരിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് കാരണമാണ് പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിനോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നത്.

ജനുവരി മാസത്തിലും അരമണിക്കൂര്‍ മാത്രം സമ്മേളിച്ച സമിതി ഇന്ന് കഷ്ടിച്ച് 20 മിനുട്ടുകള്‍ മാത്രമാണ് യോഗം ചേര്‍ന്നത്.

വികസനസമിതിയില്‍ ഔദ്യോഗിക അംഗങ്ങളായ ജനപ്രതിനിധി തന്നെ വികസനസമിതി തീരുമാനം അനുസരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ സമിതിയുടെ വിശ്വാസ്യതക്ക് ഇടിവ് സംഭവിക്കാന്‍ കാരണമായതായി സമിതി യോഗങ്ങളില്‍ എത്തുന്നവര്‍ പറയുന്നു.

ഇന്ന് നടന്ന യോഗത്തിലാവട്ടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഹാജരാകാതിരുന്നത് കാരണം കഴിഞ്ഞ മാസത്തെ പരാതികളില്‍ വ്യക്തമായ മറുപടി ലഭിച്ചതുമില്ല.

ഗുരുതരമായ പൊതുജനപരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് താലൂക്ക് വികസനസമിതിയുടെ രൂപവല്‍ക്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വ്യക്തമായി പറയുന്നുണ്ടെങ്കിലും ചില പരാതികള്‍ ഇന്നത്തെ യോഗം നിരാകരിക്കുന്നതിനും സമിതിയോഗം ആദ്യമായി സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ 5 വര്‍ഷമായി താലൂക്ക് വികസനസമിതി യോഗത്തില്‍ കൂട്ടുംമുഖം സി.എച്ച്.സിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തുവന്ന ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്ററെ വികസനസമിതി അഭിനന്ദിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.അനിത, തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, ഹെഡ്ക്വാര്‍ട്ടേവ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.