എം.ടി-ഐ.വി.ശശി ആദ്യത്തെ സംരംഭം-തൃഷ്ണ @ 42.

ഐ.വി.ശശി-എം.ടി.വാസുദേവന്‍നായര്‍ ടീം ഒന്നിച്ച ആദ്യത്തെ സിനിമയാണ് 1981 നവംബര്‍ 2 ന് 42 വര്‍ഷം മുമ്പ് റിലീസ് ചെയ്ത തൃഷ്ണ.

മമ്മൂട്ടി, രതീഷ്, രാജ്കുമാര്‍, ജോസ് പ്രകാശ്, ശങ്കരാടി, ലാലു അലക്‌സ്, പ്രേംജി, ബീന, സ്വപ്‌ന, കവിയൂര്‍പൊന്നമ്മ, രാജലക്ഷ്മി, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍.

ബിച്ചുതിരുമലയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം.

ജെ.എം.ജെ.ആര്‍ട്‌സിന്റെ ബാനറില്‍ റോസമ്മ ജോര്‍ജാണ് സിനിമ നിര്‍മ്മിച്ചത്.

എയ്ഞ്ചല്‍ ഫിലിംസാണ് വിതരണക്കാര്‍. ക്യാമറ-ജയനന്‍ വിന്‍സെന്റ്, എഡിറ്റര്‍-കെ.നാരായണന്‍, കല ഐ.വി.സതീശ്ബാബു, പരസ്യം കിത്തോ.

കഥാ സംഗ്രഹം.

അച്ഛന്റെ ബിസിനസ് പൈതൃകം ഉത്തരവാദിത്തമില്ലാതെ തുടരുന്ന മകന്‍ ദാസ് (മമ്മൂട്ടി), കൊടൈക്കനാലിലെ തന്റെ ബംഗ്ലാവിലേയ്ക്ക് ജയശ്രീ എന്നൊരു കോള്‍ഗേളുമൊത്ത് (സ്വപ്ന) യാത്ര പോകുന്നു. ദാസിന് ജയശ്രീ ഒരു ഉപഭോഗവസ്തു മാത്രം. ആ മനോഭാവത്തോട് അവള്‍ക്ക് പുച്ഛം. വീട്ടിലെ ദാരിദ്ര്യം മൂലം കോള്‍ഗേള്‍ പണിക്കിറങ്ങിയ ജയശ്രീ, ബംഗ്ലാവിലെ കാര്യസ്ഥന്റെ (ശങ്കരാടി) മകന്‍ ഗോപനില്‍ (രാജ്കുമാര്‍) തന്റെ തന്നെ നിസ്സഹായ മുഖം കാണുന്നുണ്ട്.

ബിസിനസുകാരനായിരുന്ന അച്ഛന്റെ സുഹൃദ് കുടുംബം ദാസിനെ ബംഗ്‌ളാവില്‍ സന്ദര്‍ശിക്കാനെത്തുന്നു. അച്ഛന്റെ സുഹൃത്ത് പണിക്കര്‍ (ജോസ്പ്രകാശ്), ഭാര്യ (കവിയൂര്‍ പൊന്നമ്മ), മൂത്ത മകള്‍ (ബീന), ഭര്‍ത്താവ് (ലാലു അലക്സ്), ഇളയ മകള്‍ ശ്രീദേവി (രാജലക്ഷ്മി), മുത്തച്ഛന്‍ (പ്രേംജി) എന്നിവരാണ് ആ സന്ദര്‍ശകര്‍. ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുന്ന ശ്രീദേവി (പണിക്കരുടെ ഇളയ മകള്‍) സംഗീത തല്‍പരയാണ് (മൈനാകം കടലില്‍ നിന്നുയരുന്നുവോ അവളുടെ പാട്ടാണ്). അവളുടെ സന്തോഷത്തിന് വേണ്ടിയാണ് ആ കുടുംബം കൊടൈക്കനാലില്‍ താല്‍ക്കാലത്തേയ്ക്ക് ഉള്ളത് തന്നെ.

ശ്രീദേവിയില്‍ ദാസ് മറന്നു കിടന്നിരുന്ന സംഗീതം വീണ്ടെടുക്കുന്നു. ഒപ്പം സ്ത്രീകളോടുള്ള മനോഭാവം മാറുവാന്‍ അവരുടെ സല്ലാപം സഹായിക്കുന്നു. ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളെ അയാള്‍ പാടിയത് അവള്‍ക്ക് വേണ്ടിയാണ്. അവളെ സ്വീകരിക്കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അവളുടെ ഭര്‍ത്താവ് (രതീഷ്) അവളെ സ്വീകരിക്കാന്‍ വരുന്നു. കോള്‍ഗേള്‍ ജയശ്രീയാവട്ടെ, കാര്യസ്ഥന്റെ മകന്‍ ഗോപന്‍ കൂടെക്കൂടിയതിനാല്‍ സ്വതന്ത്രയുമായി. ദാസ്, ഒരിക്കലും ശമിക്കാത്ത തൃഷ്ണയുടെ ബാക്കിപത്രമായി മാറുമ്പോള്‍ സിനിമ അവസാനിക്കുന്നു.


ഗാനങ്ങള്‍-

1-അലകള്‍ മലരിതളുകള്‍-ഉണ്ണി മേനോന്‍.

2-ഏതോ സങ്കേതം-യേശുദാസ്.

3-മൈനാകം കടലില്‍-യേശുദാസ്.

4-ശ്രുതിയില്‍ നിന്നുയരും-എസ്.ജാനകി.

5-തെയ്യാട്ടം ധമിനികളില്‍-യേശുദാസ്, എസ്.ജാനകി.