എന്‍.പി.ഉമ്മര്‍ ഇനി ഒറ്റക്കല്ല–ആക്ഷന്‍ ജനകീയ കമ്മറ്റി രൂപീകരിച്ചു.

വളക്കൈ: വളക്കൈ മാപ്പിള എ.എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തി കരാറുകാരനായ എന്‍.പി.ഉമ്മറിന് പ്രവൃത്തി ചെയ്ത വകയില്‍ നല്‍കാനുള്ള തുക നല്‍കാത്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണയോഗം തീരുമാനിച്ചു.

ചെയ്ത പ്രവര്‍ത്തിയുടെ തുക ലഭിക്കുന്നതിനായി ഉമ്മര്‍ സ്‌കൂളിനു മുന്‍പില്‍ ഒന്നര മാസത്തിലേറെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ മധ്യസ്ഥതയില്‍ ബ്ലോക്ക് ഓഫീസില്‍ യോഗം ചേരുകയും മധ്യസ്ഥ തീരുമാനപ്രകാരം റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അളന്നുതിട്ടപ്പെടുത്തിയ പ്രവര്‍ത്തിയുടെ തുക നല്‍കുവാനും ധാരണയായിരുന്നു.

എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

വളക്കയില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.പി.റഷീദ് അധ്യക്ഷത വഹിച്ചു.

ഡോ.പി.എം.ഇസ്മായില്‍, സെമിയുല്ലഖാന്‍, കമാല്‍ മാസ്റ്റര്‍, ടി.സി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായി വി.പി.മോഹനന്‍(ചെയര്‍മാന്‍), ഡോ.പി.എം.ഇസ്മായില്‍ (വൈസ്. ചെയര്‍മാന്‍), സലാംഹാജി(കണ്‍വീനര്‍), സമിയുല്ലാഖാന്‍(ജോ.കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.