വീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച്ച, അഞ്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് നടപടിയില്‍ ഇടപെട്ടു.

കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയില്‍ ബാഹ്യ ഇടപെടല്‍ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെന്‍സ് ചെയ്തു.

സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനല്‍ നടപടികള്‍ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. എടക്കാടന്‍ ഹൗസില്‍ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോള്‍ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നാണ് ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് നടപടിയില്‍ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.