തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ്, ഒരു സീറ്റ് കൂടുതല്‍ വേണമെന്ന് എ. വിഭാഗം.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് മുസ്ലിംലീഗ്.

ഇത്തവണ തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് ലീഗില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ബാങ്ക് മെമ്പര്‍മാരില്‍ നിര്‍ണായക ശക്തിയായ മുസ്ലിംലീഗിന് വര്‍ഷങ്ങളായി വൈസ് പ്രസിഡന്റ് സ്ഥാനം   മാത്രമാണ് ലഭിച്ചുവരുന്നത്.

നേരത്തെയും പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ലീഗില്‍ നിന്ന് ഉയര്‍ന്നിരുന്നുവെങ്കിലും യു.ഡി.എഫ് ജില്ലാ നേതൃത്വം ഇടപെട്ട് സ്ഥാനം കോണ്‍ഗ്രസിന് തന്നെ നല്‍കുകയായിരുന്നു.

ഇത്തവണ രണ്ടരവര്‍ഷം ആദ്യടേമിലെങ്കിലും തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനംവേണമെന്നാണ് ലീഗ് നിലപാട്.

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാനായി ലീഗ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

തളിപ്പറമ്പിലെ പ്രബല രാഷ്ട്രീയകക്ഷിയായ മുസ്ലിംലീഗിന്റെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍വീസ് സഹകരണ ബേങ്ക് ഭരണത്തില്‍ എത്താനാവില്ലെന്നതാണ് നിലവിലുള്ള അവസ്ഥ.

ആകെയുള്ള 11 സീറ്റുകളില്‍ 6 ണ്ണെം കോണ്‍ഗ്രസിനും 5 എണ്ണം ലീഗിനുമാണ്.

നിലവില്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവ് എ.പി.അബ്ദുല്‍ഖാദര്‍ വൈസ് പ്രസിഡന്റമാണ്.

ഒക്ടോബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനിടയില്‍ കോണ്‍ഗ്രസിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസിനുള്ള 6 സീറ്റുകളില്‍ രണ്ടെണ്ണം എ ഗ്രൂപ്പിനും ആറെണ്ണം ഐ ഗ്രൂപ്പിനുമാണ്.

ഇന്നലെ അറഫാത്ത് ടൂറിസ്റ്റ്‌ഹോമില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗം ഇത്തവണ ഒരു സീറ്റ് അധികം ചോദിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

നിലവിലുള്ള 2 സീറ്റുകള്‍ക്ക് പുറമെ എസ്.സി-എസ്.ടി വിഭാഗം സീറ്റ്കൂടി തങ്ങള്‍ക്ക് വേണമെന്ന തീരുമാനത്തിലാണ് എ ഗ്രൂപ്പ്.

എന്നാല്‍ പഴയ നില തടരണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

എ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റ് പി.പി.ശ്രീനിവാസന്റെ രാജിയെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സീറ്റ് തങ്ങള്‍ക്ക് വേണമെന്ന വാദം ഐ ഗ്രൂപ്പ് മുന്നോട്ടുവെച്ചതായാണ് വിവരം.