കെ.വി.തോമസ് സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും-കോടിയേരി.
കണ്ണുര്‍: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ കെ.വി തോമസ് തയ്യാറായാല്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അദ്ദേഹം വഴിയാധാരമാകില്ല. സെമിനാറില്‍ പങ്കെടുക്കാനുള്ള തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
സെമിനാറില്‍ ആരെ വിളിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മാണെന്നും കോടിയേരി പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല.
അതിനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാലാണ് വ്യത്യസ്ത പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്.
വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കില്‍ അത് അവര്‍ സെമിനാറില്‍ പങ്കെടുത്ത് പറയട്ടെ, സിപിഎമ്മിന്റെ അഭിപ്രായം
മാത്രം പറയാനാണെങ്കില്‍ മറ്റ് നേതാക്കളെ വിളിക്കേണ്ട ആവശ്യമില്ലല്ലോ എന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിനകത്തുള്ള പലയാളുകളും ആ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്ന സ്ഥിതി കേരളത്തിലുണ്ട്.
കെപിസിസിയുടെ മൂന്ന് ജനറല്‍ സെക്രട്ടറിമാരാണ് ഇപ്പോള്‍ രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസ് വിടുന്ന ആളുകള്‍ സിപിഎമ്മുമായി നേരിട്ട് സഹകരിക്കാറില്ല, മറ്റേതെങ്കിലും ഘടകകക്ഷികളുമായി ചേര്‍ന്ന് സിപിഎമ്മുമായി സഹകരിക്കുന്ന സ്ഥിതിയായിരുന്നു.
ഇന്നത് മാറി. സിപിഎമ്മുമായി നേരിട്ട് സഹകരിക്കുന്നതില്‍ പ്രയാസമില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെവി തോമസുമായി മുന്‍പ് ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ശശി രൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് വിലക്കിയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് അലോസരമുണ്ടാക്കുമെന്നതിനാലാണ് കെ.വി തോമസിനെ കോണ്‍ഗ്രസ് വിലക്കുന്നത്.
ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്നത് ഒന്നും കോണ്‍ഗ്രസ് ചെയ്യില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
