നൂറുകോടിയുടെ മായവും ജാലവും അവസാനിക്കുന്നു-ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം.

തളിപ്പറമ്പ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി യുവാവ് മുങ്ങിയതായി പറയുന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും.

ആദ്യഘട്ടത്തില്‍ നൂറ് കോടിയുടെ തട്ടിപ്പ് നടന്നതായി പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ പരമാവധി 20 കോടിക്കും 30 കോടിക്കും ഇടയിലുള്ള രൂപ മാത്രമേ തട്ടിപ്പ് നടത്തിയിട്ടുള്ളൂവെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തി പുകമറ നീക്കണമെന്ന് ഭരണകക്ഷിയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടി തന്നെ ആഭ്യന്തര വകുപ്പിന്റെ ഉന്നതങ്ങളില്‍ ആവശ്യമുന്നയിച്ചിട്ടുള്ളതായും വിവരമുണ്ട്.

തട്ടിപ്പിന്റെ ശരിയായ ആഴം വ്യക്തമാക്കുന്ന തരത്തില്‍ അന്വേഷണം വേണമെന്നുള്ള പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.

ബുധനാഴ്ച്ച വൈകുന്നേരം 40 ലക്ഷം രൂപ നഷ്ടമായെന്ന് പറഞ്ഞ് അബ്ദുള്‍ജലീല്‍ എന്നയാള്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതി പിന്നീട് പിന്‍വലിച്ചത് പണത്തിന്റെ രേഖകള്‍ കാണിക്കണമെന്ന പോലീസിന്റെ നിര്‍ബന്ധത്തേതുടര്‍ന്നാണെന്ന് തെളിഞ്ഞതില്‍ പോലീസിന്റെ ഉന്നത തലത്തിലുള്ളവര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതായി സൂചനയുണ്ട്.

ഈ സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനത്തില്‍ അന്വേഷണം കാര്യക്ഷമമാവില്ലെന്ന തിരിച്ചറിവിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശമെന്നറിയുന്നു.

അതിനിടെ പണം നഷ്ടപ്പെട്ടവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നതായും വിവരമുണ്ട്.

തുടക്കത്തിലുണ്ടായിരുന്ന കോടികളുടെ ആരോപണം പുകമറയാണെന്ന് വ്യക്തമായതോടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാണ്.