എസ് ഐ യെ കയ്യേറ്റം ചെയ്ത പതിനൊന്നു പ്രതികള്‍ റിമാന്റില്‍.

ഇരിട്ടി: മുഴക്കുന്ന് എസ് ഐയെ കൃത്യനിര്‍വഹണത്തിനിടെ കയ്യേറ്റം ചെയ്ത കേസില്‍ പതിനൊന്നു പ്രതികള്‍ റിമാന്റില്‍.

ഇക്കഴിഞ്ഞ് പതിനൊന്നിന് എഴരമണിയോടെ തില്ലങ്കേരി മച്ചുര്‍ മലയില്‍ വെച്ചാണ് മുഴക്കുന്ന് പ്രൊബേഷണറി എസ്.ഐയായ അന്‍സാര്‍ അക്രമത്തിനിരയായത്.

അക്രമത്തില്‍ പരുക്കേറ്റ എസ് ഐ ചികിത്സ തേടുകയുമുണ്ടായി. മച്ചൂര്‍മലയിലെ ഹില്‍വ്യൂ പോയന്റില്‍ വെച്ചാണ് സംഭവം.

സ്ഥലത്ത് ആളുകള്‍ സംഘം ചേര്‍ന്നത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ അടക്കമുള്ള അക്രമമുണ്ടായത്.

തുടര്‍ന്ന് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു .