അന്‍പതോളം പുതിയ സിനിമകള്‍ എത്തുന്നു-2022 സിനിമാവര്‍ഷമാക്കാന്‍ ഫിയോക്–

കൊച്ചി: കോവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു.

തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പാ’ണ് നല്ല കളക്ഷനുമായി തിരിച്ചുവരവില്‍ നിര്‍ണായകമായത്.

ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് തിരിച്ചെത്തി.

‘കുറുപ്പും’ ‘മരക്കാറും’ പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം വളരെചെറിയ ബജറ്റില്‍ വന്ന ‘ജാന്‍ എ മന്‍’ പോലെയുള്ള ചിത്രങ്ങളും വിജയപ്പട്ടികയിലെത്തിയതായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ചൂണ്ടിക്കാട്ടുന്നു.

തിയേറ്ററുകളിലേക്ക് കാണികളെത്തുന്നുവെന്ന് ഉറപ്പായതോടെ അടുത്ത മൂന്നുമാസത്തിനുള്ളില്‍ 50 ഓളം സിനിമകള്‍ തിയേറ്ററുകളിലെത്തിക്കാനാണ് ‘ഫിയോക്’ ഒരുങ്ങുന്നത്.

മിന്നല്‍ മുരളി എന്ന ചിത്രമാണ് ഒ.ടി.ടി.യിലെ ഏറ്റവും വലിയ ഹിറ്റായത്. ഒ.ടി.ടി.യില്‍ ലോകമെമ്പാടും കണ്ട ഇംഗ്ലീഷ് ഇതര സിനിമകളില്‍ നാലാം സ്ഥാനത്താണ് ‘മിന്നല്‍ മുരളി’.

ലോക്ഡൗണിലായിരുന്ന മലയാള സിനിമയുടെ അണ്‍ലോക്ക് കാലമാണിതെന്നാണ് തിയേറ്ററുകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

അടുത്ത മൂന്നുമാസത്തിനകം റിലീസ് ചെയ്യേണ്ട 50 ഓളം സിനിമകള്‍ക്ക് പരമാവധി സ്‌ക്രീന്‍ നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.