മാവോവാദി സുരേഷിനെ കോഴിക്കോട്ടേക്ക് മാറ്റി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സുരേഷിനെ വിദഗ്ദ്ധ ചികിത്സക്കായി ഇന്ന് ഉച്ചക്ക് രണ്ടോടെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്നലെ മാറ്റാന്‍ തീരുമാനിച്ചതായിരുന്നുവെങ്കിലും ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം മാറ്റിവെക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച സുരേഷിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.

പഴുപ്പ് ബാധിച്ച കാലില്‍ ഇതേവരെ ഓപ്പറേഷന്‍ നടത്തിയിട്ടില്ല. ചെറിയതോതില്‍ ആന്തരിക രക്ത ശ്രാവവും ഉണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ആറാം നിലയിലെ സര്‍ജറി ഐ.സി.യുവിലാണ് ഇപ്പോള്‍ സുരേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അമിതമായ സുരക്ഷ മറ്റ് രോഗികളെ ബാധിക്കുന്നതിനാല്‍ ഇയാളെ കോഴിക്കോടേക്ക് മാറ്റണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

കനത്ത പോലീസ് സുരക്ഷയിലാണ് സുരേഷിനെ കോഴിക്കോട്ടേക്ക് മാറ്റിയത്.