മെഡിക്കല്‍ കോളേജിലെ മോഷണം-കള്ളന് കപ്പലില്‍ സുഖവാസം-സ്പെഷ്യല്‍ സ്ക്വാഡിന്റെ പണി പവനായിക്ക് പഠിക്കല്‍-
പരിയാരം: നാടോടിക്കാറ്റ് സിനിമയിലെ പവനായി ശവമായി എന്ന് പറഞ്ഞതുപോലെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലാവിഞ്ചോ സ്കോപ്പി ഉപകരണം മോഷ്ടിച്ച പ്രതിയെ കണ്ടെത്തല്‍.
ജൂണ്‍ 7 ന് മെഡിക്കല്‍ കോളേജ് ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിഞ്ചോ സ്കോപ്പി എന്ന ഉപകരണം ജൂലായ് 29 നാണ് മോഷണം പോയ സ്ഥലത്തുതന്നെ തിരിച്ചെത്തിയത്.
തുടര്‍ന്ന് പരിയാരം പോലീസ് കസ്റ്റഡിയിലെടുത്ത ഉപകരണം മോഷ്ടിച്ചയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ള കുറ്റാന്വേഷണ സംഘം പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും പരിയാരം പോലീസ് വ്യക്തമാക്കിയിരുന്നു.
ആറാം നിലയിലെ ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് കാണാതായ ഏഴ്ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം മോഷ്ടിച്ചയാളെ 46 ദിവസം കഴിഞ്ഞിട്ടും സ്പെഷ്യല്‍ സ്ക്വാഡിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഏഴ് ലക്ഷം രൂപ വിലവരുന്ന മെഡിക്കല്‍ ഉപകരണം മോഷ്ടിച്ച സംഭവത്തില്‍ നടന്നത് മോഷ്ടാവും പോലീസും തമ്മിലുള്ള നയതന്ത്ര ഇടപെടല്‍ എന്ന് സംശയിക്കത്തക്ക നിലയിലേക്ക് കാര്യങ്ങള്‍.
ജൂണ്‍ 6 നാണ് ഉപകരണം നഷ്ടപ്പെട്ട വിവരം ഓപ്പറേഷന് തിയേറ്ററിലെ ജീവനക്കാര്‍ അനസ്തീ ഷ്യാ വിഭാഗം മേധാവി ഡോ. ചാള്‍സിനെ അറിയിച്ചത്.
അദ്ദേഹം പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് വിവരം റിപ്പോര്‍ട്ട് ചെയ്തു.
ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും തമ്മില്‍ അന്തര്‍ധാരാ ചര്‍ച്ചകള്‍ ഏറെ നടന്നുവെങ്കിലും സാധനം എടുത്തയാള്‍ തിരിച്ചു കൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
ജൂണ്‍ 9 ന് പരിയാരം പോലീസ് കേസെടുത്തുവെങ്കിലും പ്രാഥമിക അന്വേഷണത്തിനു പോലും പോലീസ് തയ്യാറായില്ല.
ഓപ്പറേഷന് തിയേറ്ററുമായി നിരന്തര ബന്ധമുള്ള യാരോ ഒരാള്‍ ആണ് സാധനം കടത്തിയതെന്ന് വ്യക്തമായ പോലീസ് ഇത് കേടുപാടുകളില്ലാതെ തിരികെയെത്തിച്ച് തലയൂരാന്‍ മോഷ്ടാവിന് അവസരം നല്‍കുകയായിരുന്നു.
തിയേറ്റര്‍ പ്രവര്‍ത്തിക്കുന്ന ആറാം നിലയിലെ ഇല്ലാത്ത സി.സി.ടി.വി.കാമറകള്‍ പരിശോധിച്ചു വരികയാണെന്നാണ് പോലീസ് മാധ്യമ പ്രവര്‍ത്തകരോട് ഉള്‍പ്പെടെ പറഞ്ഞത്.
പോലീസിന് യഥാര്‍ത്ഥ പ്രതിയാരെന്ന് തുടക്കത്തില്‍ തന്നെ ബോധ്യമായിരുന്നുവെന്നും, അറസ്റ്റ് ഒഴിവാക്കി പ്രശ്നം രമ്യമായി തീര്‍ക്കാന്‍ ഉന്നതതല ഇടപെടലും ‘ഡിപ്ലോമാറ്റിക് ഡീലിങ്ങും” നടന്നതായിട്ടാണ് വിവരങ്ങള്‍ പുറത്തു വരുന്നത്.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് മെഡിക്കല്‍ കോളേജ് അധികൃതരും പോലീസും ചേര്‍ന്ന് നടത്തിയ ഒരു നാടകമാണ് ഉപകരണത്തിന്റെ തിരിച്ചുവരവ് എന്നും വ്യക്തമായിട്ടുണ്ട്.
സ്പെഷ്യല്‍ സ്ക്വാഡൊക്കെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
സംഭവം കോംപ്ലിമെന്റാക്കി പോലീസും മെഡിക്കല്‍ കോളേജ് അധികൃതരും ഭായി-ഭായി ആയതാണ് ഏറ്റവും പുതിയ വര്‍ത്തമാനം.
