പകുതിവിലക്ക് ഇഷ്ട വാഹനം-പുതിയ തട്ടിപ്പ്-സൂത്രധാരന്‍ വികാരിയച്ചന്‍.
(ന്യൂസ് ബ്യൂറോ ചിറ്റാരിക്കല്‍)
ചിറ്റാരിക്കല്‍:പകുതി തുകയ്ക്ക് വാഹനം നല്‍കുമെന്ന പേരില്‍ തട്ടിപ്പ്, വികാരിയുടെ പേരില്‍ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഇഴയുന്നതായി പരാതി.
ചിറ്റാരിക്കല്‍ മണ്ഡപത്തെ ഒ.സി.ഡി ആശ്രമത്തിലെ വികാരി ഷാന്‍ അച്ചന്‍ എന്ന് വിളിക്കുന്ന ഫാ.തോമസ് മണ്ണാംപറമ്പിലിനെതിരെയാണ് പരാതി.
പാലാവയലിലെ കരീക്കുന്നേല്‍ ബെന്നി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
പകുതി വിലക്ക് കാര്‍ ലഭിക്കുന്നതിന് അച്ചന്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 2020 ആഗസ്ത് 14 നാണ് ബെന്നി 1,85,000 രൂപ അയച്ചത്.
പ്രാപ്പൊയിലിലെ ഷാവിന്‍, അക്ഷയ്മാത്യു എന്നിവരും ഇതേ തുക അയച്ചുകൊടുത്തിരുന്നു.
3 മാസത്തിനകം വാഹനം ലഭിക്കുമെന്നായിരുന്നുവാഗ്ദാനം. എന്നാല്‍ വര്‍ഷം രണ്ടായിട്ടും വാഹനം ലഭിച്ചില്ലെന്നാണ് പരാതി.
ഈ വര്‍ഷം മാര്‍ച്ച് 22 ന് ചിറ്റാരിക്കല്‍ പോലീസ് ബെന്നിയുടെ പരാതിയില്‍ വഞ്ചന കുറ്റത്തിന് ഫാ.തോമസിന്റെ പേരില്‍ കേസെടുത്തുവെങ്കിലും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരിക്കയാണ്.
കേസെടുത്തിട്ട് മാസം 4 കഴിഞ്ഞിട്ടും ചിറ്റാരിക്കല്‍ പോലീസ് ഇതേവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുകയാണെന്നും ആക്ഷേപമുണ്ട്.
വെള്ളരിക്കുണ്ട് പോലീസ് പരിധിയിലെ മാലോം പെരുമ്പള്ളിക്കുന്നേല്‍ ഡെയിസി മാത്യുവിന്റെ പരാതിയില്‍ ഇക്കഴിഞ്ഞ ജൂലായ് ഒന്നിനും പോലീസ് കേസെടുത്തിട്ടുണ്ട്.
ജാര്‍ഖണ്ഡിലുള്ള ഒരാളുടെ അക്കൗണ്ടിലേക്കാണ് ഫാദര്‍ തോമസ് പറഞ്ഞതുപ്രകാരം 2020 ജൂലായ് 9 ന് 1,75,000 രൂപ നല്‍കിയത്.
മലയോര മേഖലയില്‍ നിന്നുള്ള നിരവധിപേരാണ് ഫാ.തോമസിന്റെ വലയില്‍ വീണിരിക്കുന്നത്.
പണം തിരിച്ചുതരാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയാണ് പലരും പരാതി നല്‍കാതിരിക്കുന്നത്.
ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫാ.തോമസിനെ ചിറ്റാരിക്കാലില്‍ നിന്നും കോഴിക്കോട് ജില്ലയിലെ കൂമ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കയാണ്.
കോടിക്കണക്കിന് രൂപയാണ് പകുതിവിലക്ക് വാഹനം തരാമെന്ന പേരില്‍ ഫാ.തോമസും സഹായിയായ കേളകത്തെ കെ.ജെ.ജിജേഷും ചേര്‍ന്ന് അടിച്ചുമാറ്റിയതെന്നാണ് പരാതി.
ചെറുപുഴ സ്വദേശിയായ ഫാ.തോമസ് നേരത്തെ ഇരുപതോളം വാഹനങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ പകുതി വിലക്ക്
നല്‍കി വിശ്വാസ്യത പിടിത്തുപറ്റിയ ശേഷമാണ് കൂടുതല്‍ ആളുകളില്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് പരാതിക്കാര്‍ പറയുന്നത്.
പരാതിക്കാര്‍ ഒ.സി.ഡി സഭാ ആസ്ഥാനത്തിന് പുറമെ റോമില്‍ വരെ പരാതികള്‍ നല്‍കിയിട്ടുണ്ട്.
നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് സഭ പരാതിക്കാരോട് പറയുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് വാഹനം വേണ്ടെന്നും കൊടുത്ത പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നുമാണ് ഫാ.തോമസിന്റെ വലയില്‍ കുടുങ്ങിയ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
പോലീസിന്റെ അന്വേഷണം കാര്യക്ഷമാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബെന്നി സെബാസ്റ്റ്യന്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.