വെറ്റിലകൃഷി ആഘോഷമാക്കി 72-ലും ബാലേട്ടന്‍
പരിയാരം: എഴുപത്തിരണ്ടാം വയസിലും മുളയേണി വെച്ച് സാഹസികമായി വെറ്റില നുള്ളിയെടുക്കുകയാണ് ബാലേട്ടന്‍.
അന്യം നിന്ന് പോകുന്ന വെറ്റില കൃഷിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ഈ വയോധികന്‍.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട കച്ചേരിക്കടവില്‍ താമസിക്കുന്ന ബാലേട്ടന്‍ എന്ന വി.പി. ബാലകൃഷ്ണനാണ് വെറ്റില കൃഷിയില്‍ നൂറ് മേനി വിളയിക്കുന്നത്.
ചെറുപ്പകാലം മുതല്‍ തന്നെ വിപണനാടിസ്ഥാനത്തില്‍ വെറ്റില കൃഷി ചെയ്ത് വരുന്ന ബാലേട്ടന് തന്റെ പിതാവില്‍ നിന്നാണ് ഈ കൃഷിയുടെ ബാലപാഠങ്ങള്‍ ലഭിച്ചത്.
വെറ്റില കൃഷിയും, പശുക്കറവയും പാവപ്പെട്ടവന് തുണയാണെന്ന പിതാവിന്റെ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ക്കുകയാണ് ബാലേട്ടന്‍.
ആദ്യകാലത്ത് വെറ്റിലകൃഷി ഇവിടെ അത്രത്തോളം വ്യാപകമാണെന്ന് ബാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു.
അക്കാലത്ത് വെറ്റിലകൂട്ടി മുറുക്കുന്നത് പതിവാക്കിയവരായിരുന്നു ആളുകള്‍.
എന്നാലിപ്പോള്‍ വെറ്റിലമുറുക്ക് അപൂര്‍വ്വമായെങ്കിലും വിപണനത്തില്‍ കാര്യമായ ഇടിവൊന്നും തനിക്ക് ബാധിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
തികച്ചും ജൈവവളത്തെ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇദ്ദേഹം കൃഷി തുടരുന്നത്.
മുരിക്ക്, കവുങ്ങ്, പുന്നമരം, വെങ്കണ മരം എന്നിവയില്‍ വെറ്റില വള്ളി പടര്‍ത്തിയാണ് കൃഷി രീതി. മൂപ്പത്തെറാകുമ്പോഴേക്കും പറിച്ചെടുത്ത് പയ്യന്നൂര്‍, മാതമംഗലം പ്രദേശങ്ങളില്‍ എത്തിച്ചാണ് വിപണനം നടത്തുന്നത്.
നാടന്‍ വെറ്റിലയ്ക്കാണ് ഏറെ ആവശ്യക്കാരെന്ന് ബാലകൃഷ്ണന്‍ പറയുന്നു.
ക്ഷേത്രങ്ങളിലും മറ്റ് വിശേഷ ദിനങ്ങളിലും നല്ല ഡിമാന്റാണ് വെറ്റിലയ്ക്കുള്ളത്.
ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന്റെ ഭാഗമായി വാര്‍ഡ് മെമ്പര്‍ എന്‍.കെ.സുജിത്ത്, കൃഷി അസിസ്റ്റന്റ് ബിന്ദു, ഫീല്‍ഡ് അസിസ്റ്റന്റ് സുഗന്ധി എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ച് ബാലേട്ടനെ ഇന്ന് നടക്കുന്ന കര്‍ഷക ദിനാഘോഷ പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്.