ജ്യോതികയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം പത്തുകോടി സമാഹരിക്കാന്‍ നാടൊന്നിക്കുന്നു–

പരിയാരം: രോഗബാധിതയായ പത്ത് വയസുകാരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നാടൊന്നാകെ കൈകോര്‍ക്കുന്നു.

ചെറുതാഴം പുത്തൂരിലെ കെ.ജയകൃഷ്ണന്‍-അജിഷ ദമ്പതികളുടെ ഏക മകള്‍ ജ്യോതികയെ രക്ഷിച്ചെടുക്കാനാണ് സുമനസ്സുകളുടെ സഹായഹസ്തം വേണ്ടത്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന മാരക രോഗമാണ് ജ്യോതികയെ പിന്തുടരുന്നത്.

പരസഹായം ഇല്ലാതെ ചലിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഈ ബാലിക.

ഒമ്പത് വര്‍ഷമായി ചികിത്സയിലാണെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യമാകാതിരുന്നത് കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ല.

ആധുനിക വൈദ്യശാസ്ത്രം നിലവില്‍ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന ആശ്വാസത്തിലാണ് കുടുംബം.

15 വര്‍ഷം ചികിത്സ നടത്തിയാല്‍ ഭേദമാകും എന്നാണ് വിദഗ്ദരുടെ നിര്‍ദ്ദേശം.

പ്രതിവര്‍ഷം 70 ലക്ഷം രൂപ ചികിത്സക്ക് വേണം. 10 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ ഭാരിച്ച തുക നിര്‍ധനരായ ഈ കുടുംബത്തിന് താങ്ങാനാകുന്നതല്ല.

ആയതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് എം.വിജിന്‍ എം.എല്‍.എ.രക്ഷാധികാരിയായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു.

സഹായങ്ങള്‍ Alc No.40423101060063, IFSC: KLGBOO40423 കേരള ഗ്രാമീണ്‍ ബേങ്ക്, ചെറുതാഴം ശാഖ, പി.ഒ. പിലാത്തറ അക്കൗണ്ടില്‍ അയക്കാം. Googil pay No.9048062979.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.ശ്രീധരന്‍ (പഞ്ചായത്ത് പ്രസിഡന്റ്), ജനറല്‍ കണ്‍വീനര്‍ പി.പി.രവീന്ദ്രന്‍, എം.കൃഷ്ണന്‍ (പഞ്ചായത്തംഗം ) അഡ്വ.ബ്രിജേഷ് കുമാര്‍ എം.പ്രജിത്ത്, പ്രശാന്ത് ചുള്ളേരി, വി.ടി.വി.പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.