എല്ലാം മോഹഭംഗത്തില്‍ നിന്ന് ഉടലെടുത്തത്: പി.പി.മുഹമ്മദ് നിസാര്‍ (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, തളിപ്പറമ്പ് നഗരസഭ)

 

തളിപ്പറമ്പ്: എനിക്കെതിരെ ടിഎഫ്‌സി അഷ്‌റഫ് എന്ന സുഹൃത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ആക്ഷേപങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ കൂടി തള്ളിക്കളയുകയാണെന്ന് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുഹമ്മദ് നിസാര്‍ അറിയിച്ചു.

അഷ്‌റഫ് കപ്പാലത്ത് പുതുതായി നിര്‍മ്മിച്ച കെട്ടിട ഭാഗങ്ങളില്‍ ചിലത് അനധികൃതമാണെന്ന് രേഖാമൂലം പരാതി വന്നപ്പോള്‍ നഗരസഭ അധികൃതര്‍ പരിശോധിച്ച് അത് പൊളിച്ചു മാറ്റുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അരിശം കൊണ്ടാണ് അതില്‍ ഒരു കക്ഷിയല്ലാത്ത എന്റെ മേല്‍ കുതിര കയറുന്നത്.

ഒരു പൊതു പ്രവര്‍ത്തകനെന്ന നിലക്ക് ജനങ്ങളെ അറിയിക്കാന്‍ വേണ്ടി ചില വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ്.

എന്റെ ഭാര്യയുടെ പേരില്‍ നഗരസഭയില്‍ ഒരു കച്ചവടത്തിനും ഇന്നുവരെ ലൈസന്‍സ് നേടിയിട്ടില്ല. ഭാര്യ പിതാവിന്റെ പേരിലുള്ള ടൂറിസ്റ്റ് ഹോം ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഞാന്‍ തളിപ്പറമ്പ് നഗര സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആകുന്നതിനു മുമ്പേ തുടങ്ങിയ സ്ഥാപനമാണ്. നേരത്തെ ഉണ്ടായിരുന്ന ഷോപ്പ് മുറികളില്‍ എന്റെ ഭാര്യ പിതാവ് പാര്‍ട്ടണര്‍ഷിപ്പ് ചേരുകയായിരുന്നു.അന്നത്തെ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളമാണ് പ്രസ്തുത ടൂറിസ്റ്റ് ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന വേളയില്‍ അഷ്‌റഫും സന്നിഹിതനായിരുന്നു. വസ്തുത ഇതായിരിക്കെ നിലവിലുള്ള നഗരസഭ ഉദ്യോഗസ്ഥന്മാരാണ് സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചത് എന്ന് രീതിയില്‍ വ്യാജ പ്രചരണം നടത്തുന്നത് എന്തിനാണ്.ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാം. പക്ഷേ അത് വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണം. എല്ലാ കാര്യങ്ങളും കച്ചവട കണ്ണിലൂടെ കാണുകയും സ്വന്തം ചോരയോടു പോലും അനീതി പുലര്‍ത്തുകയും ചെയ്യുന്നവര്‍ ഇതും ഇതിനപ്പുറവും പറയുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇത്തരം ജല്പനങ്ങള്‍ അവജ്ഞയോട് കൂടി തള്ളിക്കളയുകയാണ്. അങ്ങാടി തോറ്റതിന് അമ്മയോട് എന്നതുപോലെ അനധികൃത കെട്ടിട നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ നഗരസഭ ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞതിന് നിയമപരമായ രീതിയില്‍ അതിനെ പ്രതിരോധിക്കുന്നതിന് പകരം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ വ്യക്തിഹത്യ നടത്തുകയല്ല വേണ്ടത് എന്നും അദ്ദേഹം കൂടിചേര്‍ത്തു.