ആദിപുരുഷ് എത്തി പിന്നാലെ കുരങ്ങനും-തിയേറ്ററില്‍ ജയ് ശ്രീറാംവിളി മുഴങ്ങി.

ഹൈദരാബാദ്: പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീയറ്ററില്‍ കുരങ്ങന്‍ കയറി.

ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്‍ക്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്.

കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്യുന്നതായി തെലങ്കാനയില്‍ നിന്നുള്ള വിഡിയോയില്‍ കാണാം.

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടണമെന്ന് സംവിധായകന്‍ ഓം റൗട്ട് തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.

ഒരു ഷോയിലും ഈ സീറ്റ് മറ്റാര്‍ക്കും നല്‍കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

പലയിടത്തും ഹനുമാണ് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സീറ്റുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹിന്ദി, മലയാളം, തിമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് തീയറ്ററുകളിലേക്ക് എത്തുന്നത്.

രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സനോന്‍ എന്നിവരെ കൂടാതെ സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അതേസമയം സിനിമ മോശമാണെന്നു പറഞ്ഞ പ്രേക്ഷകനെ മര്‍ദിച്ച് താരത്തിന്റെ ആരാധകര്‍. കര്‍ണാടകയില്‍ ഒരു തിയറ്ററിനു മുന്നിലാണ് ആരാധകര്‍ വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചത്.

സിനിമ കണ്ടിറങ്ങിയ യുവാവ് മാധ്യമങ്ങളോട് അഭിപ്രായം പറയുമ്പോഴായിരുന്നു സംഭവം.

അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് വമ്പന്‍ റിലീസ് ആണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു.

ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്.

120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.

ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.