സ്വര്‍ഗ്ഗത്തില്‍ വിവാഹം നടന്നിട്ട് ഇന്നേക്ക് 53 വര്‍ഷം-വിവാഹം സ്വര്‍ഗ്ഗത്തില്‍ @53.

ജോസ് ദേവസ്യ തോട്ടാന്‍ എന്ന സിനിമാ സംവിധായകനെ അറിയില്ലെങ്കിലും ചിലര്‍ക്കെങ്കിലും ജെ.ഡി.തോട്ടാന്‍ എന്ന സംവിധായക-നിര്‍മ്മാതാവിനെ അറിയാം.

ഇരിങ്ങാലക്കുടയാണ് സ്വദേശം. 1922 ഫെബ്രുവരി 23 തീയതി ദേവസ്യ – റോസ് ദമ്പതിമാരുടെ മകനായി ജനിച്ചു.

1946 ല്‍ മൈസൂര്‍ നവജ്യോതി സ്റ്റുഡിയോയില്‍ ചേര്‍ന്ന് സിനിമാ സംവിധാനത്തില്‍ പരിശീലനം നേടി.

കൂടപ്പിറപ്പ് ആണ് ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രം.

ചതുരംഗം, സ്ത്രീഹൃദയം, കല്യാണ ഫോട്ടോ, സര്‍പ്പക്കാട്, അനാഥ, വിവാഹം സ്വര്‍ഗ്ഗത്തില്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം,സ്ത്രീ ഹൃദയം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു.

സാറാക്കുട്ടിയാണ് ഭാര്യ. 1997 സെപ്തംബര്‍ 27 ന് നിര്യാതനായി. ആകെ 14 സിനിമകളാണ് ഇദ്ദേഹം സംവിധാനം ചെയ്തത്.

1971 ല്‍ തളിപ്പറമ്പ് തലോറ സ്വദേശി പി.മാധവ് കഥയെഴുതിയ കരിനിഴല്‍ സംവിധാനം ചെയ്തത് തോട്ടാനാണ്.

അതേ വര്‍ഷം തന്നെ ഗംഗാസംഗമം, 1972 ല്‍ കെ.സുരേന്ദ്രന്റെ പ്രശസ്ത നോവല്‍ ഓമന, 74 ല്‍ ചെക്ക്‌പോസ്റ്റ്, 77 ല്‍ നുരയും പതയും എന്നീ സിനിമകള്‍ ചെയ്ത തോട്ടാന്‍ ആവസാനം സംവിധാനം ചെയ്തത് എം.ടി.വാസുദേവന്‍ നായര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച അതിര്‍ത്തികള്‍ ആയിരുന്നു.

മികച്ച സിനിമയായിരുന്നിട്ടും അതിര്‍ത്തികള്‍ സാമ്പത്തികമായി വിജയം നേടിയില്ല.

1970 ല്‍ പി.ഐ.മുഹമ്മദ്കാസിം നിര്‍മ്മിച്ച വിവാഹം സ്വര്‍ഗ്ഗത്തില്‍ എന്ന സിനിമ ഒക്ടോബര്‍ 10 നാണ് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 53 വര്‍ഷം തികയുന്നു.

പ്രേംനസീര്‍, തിക്കുറിശി, ഷീല, റാണിചന്ദ്ര, ടി.കെ.ബാലചന്ദ്രന്‍, കടുവാക്കുളം ആന്റണി, വിജയനിര്‍മ്മല, മുത്തയ്യ, പ്രേമ, പി.എസ്.പാര്‍വ്വതി, അടൂര്‍ഭവാനി എന്നിവരാണ് പ്രധാന വേഷത്തില്‍. വയലാറിന്റെ വരികള്‍ക്ക് എം.എസ്.ബാബുരാജ് ഈണം പകര്‍ന്ന 4 ഗാനങ്ങളുണ്ട്.

കെ.ടി.മുഹമ്മദാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്. പി.ദത്ത് ക്യാമറയും വി.പി.കൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. കല-എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.സലാം. സോണി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിതരണം നടത്തിയത് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ്.

 

കഥാസംഗ്രഹം

പലചരക്കുകടയിലെ ഒരു ജോലിക്കാരന്റെ അഞ്ചു മക്കളില്‍ മൂത്തവളാണു സീത. രണ്ടു രൂപാ ശമ്പളക്കാരനായ അയാള്‍ സാധാരണ വീട്ടിലെത്തുമ്പോള്‍ ആ ചെറിയ തുക തീര്‍ന്നിരിക്കും. അമ്മയും മക്കളും കണ്ണീര്‍ പൊഴിച്ചു കൊണ്ട് ഭാവിജീവിതത്തിന്റെ ഇരുണ്ട രൂപം ഭാവനയില്‍ കണ്ടു ഭീതിയോടെ കഴിഞ്ഞു. ഈ നരകജീവിതത്തില്‍ നിന്നും രക്ഷ നേടാന്‍ സീതയുടെ അനിയത്തി പത്മിനി കാമുകരെ തേടി. അതിനും അപ്പുറത്ത് സ്വതന്ത്രമായ ജീവിതം നശിച്ചു. ഒടുവില്‍ ഒരു വേശ്യയായി – അവള്‍ പട്ടിണിയില്‍ നിന്നു രക്ഷ നേടി. ബി.എ പാസ്സായി ജോലി തേടി അലഞ്ഞു കഴിയുന്ന ഗോപി സീതയില്‍ അനുരക്തനാണ്. പക്ഷേ പ്രേമിക്കുവാനും വിവാഹം കഴിക്കുവാനും തങ്ങളുടെ ദാരിദ്ര്യമോര്‍ത്തു സീതക്കു ഭയമായിരുന്നു. എങ്കിലും ജോലി കിട്ടി മറുനാട്ടിലേക്ക് പോയ ഗോപിക്കു വേണ്ടി താന്‍ കാത്തിരിക്കും എന്ന് അവനോട് പറഞ്ഞു. ഗോപിയുടെ ഉദ്യോഗം ഭേദപ്പെട്ടതായിരുന്നു.സഹോദരിയുടെ വിവാഹം തന്റെ വിവാഹത്തോടൊപ്പം നടത്താമെന്ന പ്രതീക്ഷയോടെ അവന്‍ നാട്ടിലെത്തി. സഹോദരിയുടെ വിവാഹം നടന്നു. രോഗശയ്യയില്‍ കഴിയുന്ന സീതയുടെ അമ്മ സുഖം പ്രാപിക്കുന്നതു വരെ കാത്തിരിക്കുവാന്‍ തീരുമാനിച്ചു ഗോപിയും സീതയും പിരിഞ്ഞു. ഗോപിയുടെ മുതലാളിയുടെ മകള്‍ മഞ്ജുള സുന്ദരിയും സുശീലയുമാണ്.പക്ഷേ ഒരു കാലിനു മുടന്തുള്ള അവള്‍ക്ക് വന്ന വിവാഹാലോചനകള്‍ എല്ലാം ആ കാരണത്താല്‍ മുടങ്ങി. തീയതി നിശ്ചയിക്കപ്പെട്ട അവസാനത്തെ ആലോചനയും മുടങ്ങിയപ്പോള്‍ നിരാശനായ പിതാവ് അഭിമാന സംരക്ഷണത്തിനു ആ ദിവസം മകളുടെ വിവാഹം ഗോപിയുമായി നടത്തുന്നതിനായി ഗോപിയുടെ മാതാവിന്റെ അനുമതി തേടി. അവര്‍ അനുകൂലയായിരുന്നെങ്കിലും ഗോപി എതിര്‍ത്തു.അമ്മ കോപാകുലയായി മാറി.ഗോപി ഒരു മാനസിക സംഘട്ടനത്തില്‍ പെട്ടു വലഞ്ഞു. വേശ്യയായിക്കഴിഞ്ഞ പത്മിനി പണവുമായി വീട്ടിലെത്തിയപ്പോള്‍ തന്റെ വീട്ടിലുള്ളവര്‍ സന്തോഷത്തൊടെ അതു സ്വീകരിച്ച് ആനന്ദിക്കുന്നതു കണ്ട സീത ഇനി തനിക്കു വേണ്ടി ജീവിക്കും എന്ന് പറഞ്ഞ് ഗോപിയെ തേടി പുറപ്പെട്ടു. പക്ഷേ അവള്‍ കണ്ടു മുട്ടിയത് ഗോപിയുടെ മാതാവായ പാറുവമ്മയെയും മഞ്ജുളയെയുമാണ്. ഗോപി ആ വിവാഹത്തിനു സമതിച്ചിരിക്കുകയാണെന്ന് പാറുവമ്മ അവളെ ധരിപ്പിച്ചു. സീത തകര്‍ന്ന ഹൃദയവുമായി മടങ്ങി. ഗോപി വന്നു വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ സീതയെ അല്ലാതെ മറ്റാരെയും താന്‍ ഈ ജന്മത്തില്‍ വിവാഹം ചെയ്യുകയില്ലെന്ന് പ്രഖ്യാപിച്ചു. ഈ സംഭാഷണം ശ്രവിച്ച മഞ്ജുള മനോവേദനയോടു കൂടിയാണെങ്കിലും തന്റെ പിതാവിനെയും ഗോപിയെയും കൂട്ടി സീതയെ തേടി പുറപ്പെട്ടു.സീതയുടെ നാട്ടിലെത്തിയ അവര്‍ കാണുന്നത് അവളുടെ വിവാഹ സംരഭങ്ങളാണ്. വൃദ്ധനായ ഒരുവന്‍ അവളെ താലി കെട്ടാന്‍ ഒരുങ്ങി എത്തിയിരിക്കുന്നു. ഗോപി ആ വിവാഹം തടഞ്ഞു. ആ കാമുകീ കാമുകന്മാര്‍ ആലിംഗനബദ്ധരായി. എന്നാല്‍ തന്റെ ഹൃദയേശ്വരന്റെ കരവലയത്തില്‍ വെച്ചു തന്നെ സീതയുടെ ജീവന്‍ പോയിക്കഴിഞ്ഞിരുന്നു.തന്റെ ഹിതത്തിനു വിപരീതമായി വീട്ടുകാര്‍ സംഘടിപ്പിച്ച വിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട് തന്റെ നീറുന്ന ജീവിത യാതനക്ക് ഒരറുതി വരുത്തുവാന്‍ നിരാലംബയായ സീത വിവാഹമണ്ഡപത്തിലെത്തിയത് വിഷം കഴിച്ചതിനു ശേഷമായിരുന്നു.സീതയുടെ വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചായിരിക്കും നടക്കുക എന്ന വാക്കുകളില്‍ സിനിമ അവസാനിക്കുന്നു.

ഗാനങ്ങള്‍-

1-ചുംബിക്കാനൊരു-എസ്.ജാനകി.

2-മുറുക്കാന്‍ചെല്ലം തുറന്ന-പി.സുശീല.

3-പ്രവാചകന്‍മാന്‍-യേശുദാസ്.

4-പ്രവാഹിനീ പ്രവാഹിനീ-യേശുദാസ്.