മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം വിഗതകുമാരന് ഇന്ന് 95 വയസ്.

മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 95 വര്‍ഷം തികയുന്നു. 1928 നവംബര്‍-7 നാണ് സിനിമ റിലീസ് ചെയ്തത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തത് ജെ.സി.ഡാനിയേല്‍. നായകനും അദ്ദേഹം തന്നെ. കഥ, തിരക്കഥ, സംഭാഷണം, ക്യാമറ എന്നിവയും ജെ.സി.ഡാനിയേല്‍ തന്നെ നിര്‍വ്വഹിച്ചു. ഗാനങ്ങളില്ലാത്ത സിനിമയിലെ മറ്റഅ അഭിനേതാക്കള്‍ പി.കെ.റോസി, ജോണ്‍സണ്‍, കമലം, മാസ്റ്റര്‍ സുന്ദരരാജ്, നന്ദന്‍കോട് വിന്‍സിംഗ് എന്നിവരാണ്.

ചിത്രത്തിലെ നായകനായ ചന്ദ്രകുമാറിനെ അവതരിപ്പിച്ചത് നിര്‍മാതാവും സംവിധായകനും കൂടിയായ ജെ.സി.ദാനിയേല്‍ തന്നെയായിരുന്നു. ബാലനായ ചന്ദ്രകുമാര്‍ ആയി ദാനിയേലിന്റെ മകന്‍ സുന്ദര്‍രാജ് അഭിനയിച്ചു. പക്ഷെ നായികാ കഥാപാത്രം അവതരിപ്പിക്കാന്‍ ഒരാളെ തേടി ദാനിയേലിന് ആറു മാസത്തോളം അലയേണ്ടി വന്നു. അവസാനം ആണ് തിരുവനന്തപുരം തൈക്കാട് സ്വദേശി ആയ പി.കെ.റോസിയെ കണ്ടെത്തുന്നത്. റോസി മലയാള സിനിമയിലെ ആദ്യ നായിക ആണ്.

നാലു ലക്ഷത്തോളം രൂപ മതിപ്പുള്ള ഭൂസ്വത്തുക്കള്‍ വിറ്റ് ആ പണവുമായാണ് ജെ.സി.ദാനിയേല്‍ ഈ ചിത്രം നിര്‍മിക്കാന്‍ പുറപ്പെട്ടത്. സിനിമയുടെ ജനപ്രിയത അദ്ദേഹത്തിന്റെ ശ്രദ്ധ കവര്‍ന്നു. ആകൃതിസൌഭഗമുള്ള തനിക്കു അഭിനയിക്കാം, കൂടാതെ തന്റെ പ്രിയപ്പെട്ട ആയോധന കലയായ കളരിപ്പയറ്റിന് പ്രചാരണം നല്‍കുകയും ആവാം, ഈ ചിന്തകള്‍ കൊണ്ടാണ് അദ്ദേഹം സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

ആദ്യം എത്തിപ്പെട്ടത് മദ്രാസില്‍ ആണ്. പക്ഷെ അവിടെ് അദ്ദേഹത്തിന് ഫിലിം സ്റ്റുഡിയോകളില്‍ പ്രവേശനാനുമതി ലഭിച്ചില്ല. പിന്നീട് അദ്ദേഹം മുംബൈക്ക് തിരിച്ചു. അവിടെ നിന്നാണ് അദ്ദേഹം സിനിമയുടെ സാങ്കേതിക പഠനം നിര്‍വഹിച്ചത്.

ചിത്രീകരണത്തിന് ആവശ്യമായ സര്‍വ വിധ ഉപകരണങ്ങളും കൊണ്ടാണ് ദാനിയേല്‍ തിരിച്ചു നാട്ടിലെത്തിയത്. തിരുവനന്തപുരത്ത് പട്ടത്ത് ഇന്ന് പി.എസ്.സി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ഉയര്‍ന്നു.

Travancore National Pictures Ltd. എന്നായിരുന്നു ഈ സ്റ്റുഡിയോയുടെ പേര്. മേല്‍ക്കൂര ഇല്ലാത്ത മുറിയില്‍ പകല്‍ വെളിച്ചത്തില്‍ ആയിരുന്നു ചിത്രീകരണം. രാത്രിയില്‍ അതതു ദിവസം ചിത്രീകരിച്ചത് Process ചെയ്യുകയും Rushes കാണുകയും ചെയ്തു.

1928 നവംബര്‍ 7 നു തിരുവനന്തപുരത്തെ കാപിടോള്‍ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം ആരംഭിച്ചു.പിന്നീട് നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ , തലശ്ശേരി, തൃശൂര്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം നടന്നു.